Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസിലെ കുറ്റവാളികൾക്ക് ജാമ്യം

കൊച്ചി: ഗുജറാത്തിലെ ഗോധ്രയില്‍ ട്രെയിനിന് തീവച്ച കേസിലെ കുറ്റവാളികൾക്ക് താല്‍ക്കാലികാശ്വാസം.  എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നേരത്തെ കേസില്‍ ശിക്ഷിക്കപ്പെട്ട ചില പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസില്‍ ഇവര്‍ക്കുള്ള പങ്ക് ഗുരുതരമാണ് എന്ന് നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിന് പിന്നാലെയാണ് ഇന്ന് എട്ട് പേര്‍ക്ക് ജാമ്യം നല്‍കിയത്.

വിചാരണ കോടതി 11 പേര്‍ക്ക് വധശിക്ഷ വിധിക്കുകയും 20 പേര്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗുജറാത്ത് ഹൈക്കോടതി പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. എല്ലാ പ്രതികളും ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. നാലുപേരുടെ അപേക്ഷ തള്ളുകയും എട്ട് പേര്‍ക്ക് ജാമ്യം അനുവദിക്കുകയുമാണ് കോടതി ചെയ്തത്.

ശിക്ഷാ വിധിക്കെതിരെ പ്രതികളില്‍ ചിലര്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അപ്പീല്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. കോടതി തീരുമാനം എടുക്കുന്നത് വരെ ജാമ്യം അനുവദിക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇക്കാര്യമാണ് സുപ്രീംകോടതി അംഗീകരിച്ചത്. അതേസമയം, പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെബി പര്‍ദിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെയും ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവരുടെയും ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ഹര്‍ജി തള്ളിയത്.

ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീംകോടതിയില്‍ ഹാജരായത്. വധശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും തുഷാര്‍ മേത്ത വാദിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 59 പേര്‍ കൊല്ലപ്പെട്ട കേസാണെന്നും അദ്ദേഹം ബോധിപ്പിച്ചു. പുറത്ത് നിന്ന് ബോഗി അടച്ച ശേഷമാണ് കത്തിച്ചതെന്നും അദ്ദേഹം വാദിച്ചു.

നിരവധി പ്രതികളെ ഗോധ്ര തീവയ്പ് കേസില്‍ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. 31 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. അതേസമയം, 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തു. ശിക്ഷ ശരിവച്ചതുമായി ബന്ധപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വധശിക്ഷ കുറച്ചതിനെതിരെ ഗുജറാത്ത് സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട രണ്ടു പേര്‍ക്ക് നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് എട്ട് പേര്‍ക്കും ജാമ്യം നല്‍കി. ബാക്കി പ്രതികളുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. നാലു പേരുടെ അപേക്ഷയാണ് തള്ളിയിരിക്കുന്നത്. ഇത്രയും പേര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെട്ട കേസിലെ വിവരങ്ങള്‍ സംഗ്രഹിക്കുന്നതിന് സുപ്രീംകോടതി പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.

ഗുജറാത്ത് സ്റ്റാന്റിങ് കൗണ്‍സല്‍ സ്വാതി ഗില്‍ദിയാലിനോടും പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരോടുമാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ട്രെയിനിന് കല്ലെറിഞ്ഞ കേസായി ഇതിനെ ഒതുക്കരുതെന്നും നിരവധി പേരെ ജീവനോടെ കത്തിച്ച കേസാണിതെന്നും ഗുജറാത്ത് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 17 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ഫാറൂഖിനാണ് സുപ്രീംകോടതി ആദ്യം ജാമ്യം നല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked *