തൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലില്‍ പാര്‍പ്പിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ട് പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റിയത്. ഇന്നു രാവിലെ ഏഴോടെയാണ് കനത്ത സുരക്ഷയില്‍ ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പ്രത്യേക വാഹനത്തില്‍ കനത്ത സുരക്ഷയില്‍ വിയ്യൂരിലേക്ക് കൊണ്ടു പോയത്.
തോക്ക് സഹിതമുള്ള സായുധ പോലീസിന്റെ സുരക്ഷയിലാണ് പ്രതിയെ വിയ്യൂരിലേക്ക് കൊണ്ടു പോയത്.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തില്‍ കയറ്റിയത്. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്. അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുകയെന്ന തീരുമാനത്തിലേക്ക് ഇന്നലെ തന്നെ എത്തിയിരുന്നു.
വിയ്യൂര്‍ ജയിലിലെ ഏകാന്ത തടവില്‍ ആണ് ഗോവിന്ദച്ചാമിയെ താമസിപ്പിക്കുകയെന്നാണ് വിവരം. ഇവിടെ തടവുകാര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണത്തിനും പുറത്തിറങ്ങാന്‍ അനുവാദമില്ല. നേരിട്ട് സെല്ലില്‍ എത്തിച്ച് നല്‍കും.