തൃശൂര്‍: പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തില്‍ അനുഗ്രഹ വര്‍ഷം ചൊരിയാന്‍ ഇനി ആഞ്ജനേയനും. 27 അടിയില്‍ ഒറ്റക്കല്ലില്‍ ഒരുക്കിയ കൂറ്റന്‍ ഹനുമാന്‍ പ്രതിമ സീതാരാമസ്വാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചു. പടുകൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട ഭഗീരഥപ്രയത്‌നത്തിലൂടെയാണ് അന്‍പത് ടണ്‍ ഭാരമുള്ള കടപ്പക്കല്ലില്‍ തീര്‍ത്ത പ്രതിമ ഇന്ന് രാത്രിയോടെ സ്ഥാപിച്ചത്. ടി.എസ്.പട്ടാഭിരാമന്‍, ടി.എസ്.കല്യാണരാമന്‍, ബ്രാഹ്‌മണസഭയുടെ ഭാരവാഹി മൂര്‍ത്തി തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കി. വലതുകൈ ഉയര്‍ത്തി അനുഗ്രഹം ചൊരിയുന്ന, ഇടതുകൈയില്‍ ഗദയുമേന്തിയുള്ള ഇത്രയും വലിപ്പമുള്ള ഒറ്റക്കല്‍ പ്രതിമ കേരളത്തില്‍ ഇതാദ്യമായാണ് സ്ഥാപിക്കുന്നത്. നടന്‍ സുരേഷ് ഗോപി ക്ഷേത്രം സന്ദര്‍ശിച്ചു. ആന്ധ്രപ്രദേശിലെ അല്ലഗഡയില്‍ നിന്നാണ് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ രണ്ട് ട്രക്കുകളിലായി പ്രതിമ വഹിച്ചുകൊണ്ടുള്ള പ്രയാണം തുടങ്ങിയത്. മണ്ണുത്തി ഒല്ലൂതൃക്കോവ് ചെറുകുളങ്ങര ക്ഷേത്രത്തെത്തിയ പ്രതിമയെ ക്ഷേത്രഭാരവാഹികള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സ്വീകരിച്ചു. തുടര്‍ന്ന് നൂറോളം വാഹനങ്ങളുടെ അകമ്പടിയിലാണ് ഹനുമാന്‍ പ്രതിമ പുഷ്പഗിരി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തില്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍, ആയിരങ്ങള്‍ പുഷ്പാര്‍ച്ചനകളോടെ ഹനുമാന്‍ പ്രതിമയെ വരവേറ്റു. കിഴക്കേക്കോട്ട, സ്വരാജ് റൗണ്ട്, പടിഞ്ഞാറെക്കോട്ട വഴിയുള്ള പ്രതിമയുടെ പ്രയാണം കാണാന്‍ ഭക്തര്‍ പുഷ്പാര്‍ച്ചനകളുമായി റോഡരികില്‍ കാത്തുനിന്നിരുന്നു.
തുടര്‍ന്ന് പൂങ്കുന്നം സെന്ററില്‍ നിന്നാണ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പ്രതിമ പുഷ്പഗിരി ക്ഷേത്രത്തിലെത്തിച്ചത്. 27 അടിയുള്ള പ്രതിമയുടെ പീഠത്തിന് 20 അടി ഉയരത്തില്‍ പ്ലാറ്റ് ഫോമും നിര്‍മ്മിച്ചിട്ടുണ്ട്. ആകെ 54 അടി ഉയരത്തിലാണ് പ്രതിമ. പുഷ്പഗിരിയില്‍ പ്രതിമയ്ക്ക് ലേസര്‍ ഷോ ഒരുക്കും. ഇതിന് ദിവസങ്ങളെടുക്കും. രാമായണത്തിലെ വിവിധ മുഹൂര്‍ത്തങ്ങള്‍ പ്രതിമയില്‍ തെളിയുന്ന വിധത്തിലാണ് ലേസര്‍ ഷോ പ്രദര്‍ശിപ്പിക്കുക. ഏപ്രില്‍ അവസാന ആഴ്ചയില്‍ ഹനുമാന്‍ പ്രതിമയുടെ സമര്‍പ്പണം നടത്തും. മൂന്ന് മാസമെടുത്താണ് നാല്‍പതോളം ശില്‍പികള്‍ ചേര്‍ന്ന് പ്രതിമ നിര്‍മ്മിച്ചത്. ഈ മാസം 25,26, 27 തീയതികളിലാണ് കലശം അടക്കം പ്രധാന ചടങ്ങുകള്‍.