ന്യൂഡല്‍ഹി: ഹരിയാനയില്‍ മൂന്നാമതും ഭരണം നിലനിര്‍ത്തി ബി.ജെ.പി. ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന 48 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഭരണം ലഭിച്ചില്ലെങ്കിലും 36 സീറ്റ് നേടി കോണ്‍ഗ്രസ് കരുത്ത് കാട്ടി. ജമ്മുകശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് തകര്‍പ്പന്‍ വിജയം.
ഹരിയാനയില്‍ ഐ.എന്‍.എല്‍.ഡി രണ്ട് സീറ്റില്‍ ഒതുങ്ങി. എന്നാല്‍ ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പി ദയനീയമായി പൂജ്യത്തില്‍ തകര്‍ന്ന് അടിയുകയായിരുന്നു. എക്സിറ്റ് പോളുകളില്‍ കോണ്‍ഗ്രസിനായിരുന്നു ഭരണം പ്രവചിച്ചിരുന്നത്.
എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസിന്റെ കുതിപ്പാണ് സംസ്ഥാനത്ത് കണ്ടത്. പിന്നീട് ആദ്യ മണിക്കൂറുകള്‍ക്ക് ശേഷം ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കി. ജാട്ട് മേഖലകളിലടക്കം കടന്നുകയറി കോണ്‍ഗ്രസിന്റ ലീഡ് ബി.ജെ.പി കുത്തനെ ഇടിക്കുകയായിരുന്നു.
ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ രാഷ്ട്രീയ ഗോദയിലിറക്കി വിജയിപ്പിക്കാനായി എന്നത് കോണ്‍ഗ്രസിന് ആശ്വാസമാണ്. പാരീസില്‍ മെഡല്‍ നഷ്ടമായ വിനേഷിന് ജുലാനയില്‍ ബ.ിജെ.പിക്ക് എതിരേ സ്വര്‍ണ നേട്ടമാണുണ്ടായത്.
എന്നാല്‍ ജമ്മു കശ്മീരില്‍ ഇന്ത്യാ മുന്നണിക്ക് തകര്‍പ്പന്‍ ജയമാണുണ്ടായത്. ബി.ജെ.പി നില മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യാ മുന്നണി ഭരണം പിടിച്ചത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി. കശ്്്്മീരില് പ്രതിഫലിച്ചത് ആര്‍ട്ടിക്കില്‍ 370 ഉം സംസ്ഥാന പദവിയുമൊക്കെയാണ്.
നാഷണല്‍ കോണ്‍ഫറന്‍സ് 42 സീറ്റും കോണ്‍ഗ്രസ് ആറ് സീറ്റും ബി.ജെ.പി 29 സീറ്റും നേടി. സി.പി.എം, ആംആദ്മി, ജെ.പി.സി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റും വിജയിക്കാനായി.
മെഹബൂബ മുഫ്തിയുടെ പി.ഡി.പി മൂന്ന് സീറ്റില്‍ ഒതുങ്ങി. സ്വതന്ത്രര്‍ ഏഴ് സീറ്റിലും വിജയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള മത്സരിച്ച രണ്ട് സീറ്റിലും വിജയിച്ചു.