കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയും വാദം തുടരും. നാളെ കേസ് പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് കോടതി നിര്‍ദേശിച്ചു.
വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്‌തെന്നും മറ്റു സ്ത്രീകളുമായുള്ള ബന്ധം തടയാന്‍ ശ്രമിച്ചപ്പോള്‍ താനുമായുള്ള ബന്ധം വേടന്‍ അവസാനിപ്പിച്ചെന്നും പരാതിക്കാരി കോടതിയില്‍ വാദിച്ചു. വേടന്‍ സ്ഥിരം കുറ്റവാളി ആണെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ വാദം ഉന്നയിച്ചു.
സ്ഥിരം കുറ്റവാളി എന്ന് എങ്ങനെ പറയാന്‍ ആകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. പരാതിക്കാരി സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്നും ജഡ്ജി നിര്‍ദേശിച്ചു. വേടന് എതിരെ പരാതിയുമായി മറ്റു രണ്ടു യുവതികള്‍ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട് എന്ന വാദം പരാതിക്കാരി ഉന്നയിച്ചെങ്കിലും ക്രിമിനല്‍ പ്രോസിക്യൂഷനില്‍ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്നും ഈ പരാതികളില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.