തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം ആദ്യം കേന്ദ്രം വര്‍ദ്ധിപ്പിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ അദ്ദേഹം അറിയിച്ചു.
സിപിഐയും ആര്‍ജെഡിയും യോഗത്തില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സമരം തീര്‍ക്കണമെന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാന്‍ മന്ത്രി വീണാ ജോര്‍ജിന് അനുമതി ലഭിച്ചില്ല. റസിഡന്റ് കമ്മിഷണര്‍ വഴി കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ റസിഡന്റ് കമ്മിഷണര്‍ വഴി നിവേദനം നല്‍കി. ആശാ വര്‍ക്കേഴ്സിന്റേത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്പോയിന്‍മെന്റിന് കത്ത് നല്‍കിയിരുന്നു. ജെ പി നഡ്ഡക്ക് ഇന്ന് തിരക്ക് ആയതു കൊണ്ടാകാം അനുമതി ലഭിക്കാതിരുന്നത്. അനുമതി ലഭിക്കുമെങ്കില്‍ ഇനി ഒരു ദിവസം വന്ന് അദേഹത്തെ കാണുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമരം നടത്തുന്ന ആശാവര്‍ക്കേഴ്സുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് മന്ത്രി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ആശാ കേന്ദ്ര സ്‌കീം ആണ്, മാര്‍ഗ്ഗരേഖയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യം മന്ത്രിയെ അറിയിക്കുമെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.