കൊച്ചി: ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടില്‍ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും ഇഡി അന്വേഷിക്കുക.
വിജിലന്‍സ് അന്വേഷണത്തിനു പുറമെയാണ് കേസില്‍ ഇഡിയും അന്വേഷണം തുടങ്ങിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സില്‍നിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്. 2012ലാണ് ചിന്നക്കനാലില്‍ ഒരേക്കറോളം സ്ഥലം വാങ്ങി അടുത്തുള്ള 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൂടി കൂട്ടിച്ചേര്‍ത്തത്.
പിന്നീടാണ് ഈ ഭൂമി മാത്യു കുഴല്‍നാടന്‍ അടക്കമുള്ള സംഘം വാങ്ങിയത്. ഇവിടെ ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിടം നിര്‍മിച്ചതിനും കേസുണ്ട്. ഇഡി കേസുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തു തുടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് ഉടന്‍ മാത്യു കുഴല്‍നാടന് കൈമാറും.