കോട്ടയം: പ്രമുഖ പാമ്പുപിടുത്തക്കാരനും പ്രകൃതി സംരക്ഷകനുമായ വാവ സുരേഷിന്റെ ചികിത്സയിൽ ആശാവഹമായ പുരോഗതി കൈവരിച്ചതായി കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ. ജയകുമാർ. മെഡിക്കൽ കോളേജിൽ വെൻറിലേറ്റർ സഹായത്തോടെയുള്ള ചികിത്സയിലാണ് ഇപ്പോൾ വാവ. ജനുവരി 31 ന് കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിച്ച് ചാക്കിലാക്കുവാൻ ശ്രമിക്കവെ പാമ്പ് തുടയിൽ കടിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് തലച്ചോറിൽ രക്തം കെട്ടിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.
അടുത്ത 48 മണിക്കൂറുകൾ സുരേഷിൻറെ ചികിത്സയിൽ നിർണായകമാണെന്നും ചോദ്യങ്ങളോട് സുരേഷ് പ്രതികരിക്കുന്നത് വലിയ പ്രതീക്ഷ നൽകുന്നുവെന്നും ഡോ. ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. മൂർഖന്റെ വിഷം നാഡീവ്യൂഹത്തെ കാര്യമായി ബാധിക്കും. അയതിനാൽ സ്വകാര്യ ആശുപത്രിയിൽ എത്തുന്ന സമയത്ത് വാവാ സുരേഷിന്റെ ഹൃദയത്തിൻറെ പ്രവർത്തനതോത് 20% മാത്രമായിരുന്നു. ഹൃദയസ്തംഭനവും ശ്വാസകോശ സ്തംഭനവും സുരേഷിന് സംഭവിച്ചു. മൂന്ന് മിനിറ്റിൽ കൂടുതൽ തലച്ചോറിലേക്ക് ഓക്സിജൻ ലഭിക്കാതിരുന്നാൽ തലച്ചോറിലെ കോശങ്ങളെ അത് കാര്യമായി ബാധിക്കും.
എന്നാൽ ഇപ്പോൾ ചോദ്യങ്ങളോട് വാവാസുരേഷ് പ്രതികരിക്കുന്നു എന്നുള്ളത് ആശാവഹമായ മാറ്റമാണ്. തലച്ചോറിന് ചെറിയ തകരാറാണ് സംഭവിച്ചിട്ടുള്ളത് എങ്കിൽ അത് മാറ്റിയെടുക്കാൻ സാധിക്കും എന്നാൽ വലിയ തകരാറ് സംഭവിച്ചിട്ടുണ്ട് എങ്കിൽ അത് ബുദ്ധിയെ ബാധിക്കാൻ സാധ്യതയുണ്ട്. വാവാ സുരേഷ് ഇപ്പോൾ ഡോക്ടർമാർ ആവശ്യപ്പെടുന്നു കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നുള്ളത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
2020 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ച് വാവാ സുരേഷിനെ അണലി (Viper) കടിച്ചിരുന്നു. അന്ന് ഡയാലിസിസ് നടത്തി കിഡ്നി സംബന്ധമായ പ്രശ്നങ്ങൾക്കായിരുന്നു ചികിത്സ. എന്നാൽ മൂർഖന്റെ കടിയേറ്റതിനാൽ ഇപ്പോൾ നാഡീവ്യൂഹത്തിനാണ് തകരാർ സംഭവിച്ചിട്ടുള്ളത്. വൃക്കകൾക്ക് തകരാറുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ മറ്റ് പരിശോധനകളും നടക്കുന്നുണ്ടെന്നും, ഡോ. ജയകുമാർ അറിയിച്ചു. നാളെ മുതൽ രാവിലെ 10.30 നും വൈകിട്ട് 7 മണിക്കും കോട്ടയം മെഡിക്കൽ കോളേജ് സുരേഷിന്റെ ചികിത്സ സംബന്ധിച്ച് വാർത്താക്കുറിപ്പ് ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Picture Credit: Facebook