തൃശൂര്‍ : ക്രിസ്മസ് ദിനത്തില്‍ തന്റെ വസതിയിലേക്ക് കേക്കുമായി വന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് മേയര്‍ എം.കെ.വര്‍ഗീസ്. കേക്കുമായി വിട്ടിലെത്തുവരോടൊക്കെ കയറരുത് എന്ന പറയുന്ന സംസ്കാരം ക്രിസ്ത്യാനിയായ എനിക്കില്ല.
ക്രിസ്മസിന് പരസ്പരം കേക്കു നല്‍കി നമ്മള്‍ സ്‌നേഹം പങ്കിടാറുണ്ടല്ലോ. താന്‍ ക്രിസ്ത്യാനിയാണെന്നും കഴിഞ്ഞ നാല് വര്‍ഷമായി ക്രിസ്മസ് കേക്ക് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ ഓഫീസുകളിലേക്കും, സര്‍ക്കാര്‍ ഓഫീസുകളിലേക്കും കൊടുത്തയക്കാറുണ്ട്. ഈ വര്‍ഷം എന്റെ ഉദ്യോഗസ്ഥന്‍മാര്‍ക്കെല്ലാം. കേക്ക് നല്‍കി. അടുത്ത വര്‍ഷം താന്‍ മേയര്‍ സ്ഥാനത്ത് ഉണ്ടാകില്ലല്ലോ. സുനില്‍കുമാറിന് എന്തും പറയാം, താന്‍ മേയറാണ്. എല്‍.ഡി.എഫിന്റെ ചട്ടക്കൂട്ടില്‍ സൗഹൃദപരമായി നിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. അതിനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ഇത്തരം പ്രസ്താവനകള്‍ സുനില്‍കുമാര്‍ നടത്തുന്നത് തെറ്റാണ്. ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരണമെന്നാഗ്രഹിക്കുന്ന മേയറാണ് താന്‍.
സുനില്‍കുമാറും ഇടതുപക്ഷത്താണെന്ന് ഓര്‍ക്കണം. സുനില്‍കുമാര്‍ ബി.ജെ.പിക്കാര്‍ കേക്ക് നല്‍കിയാല്‍ വാങ്ങിക്കില്ലേയെന്നും മേയര്‍ ചോദിച്ചു.
സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ സുരേഷ്‌ഗോപി എന്റെ ഓഫീസില്‍ വന്നിരുന്നു. അദ്ദേഹത്തെ ചായ നല്‍കിയതില്‍ എന്താണ് തെറ്റെന്ന് മേയര്‍ ചോദിച്ചു. ഓഫീസില്‍ ഒരു സ്ഥാനാര്‍ത്ഥി വന്നാല്‍ മാന്യമായി സ്വീകരിക്കുന്നതാണ് സാമാന്യമര്യാദയെന്ന് മേയര്‍ പറഞ്ഞു. സുനില്‍കുമാര്‍ ഇതുവരെ തന്നെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.