തൃശൂര്‍: കൊച്ചി കലൂരില്‍ നൃത്തപരിപാടിയ്ക്കിടെ ഉമാ തോമസ് എം.എല്‍.എയ്ക്ക്് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഓസ്‌കര്‍ ഇവന്റ്‌സ് ഉടമ പി.എസ്.ജനീഷ് പിടിയില്‍. പാലാരിവട്ടം പോലീസാണ് തൃശൂരില്‍ നിന്ന്്്് ജനീഷിനെ പിടികൂടിയത്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ജനീഷ് കീഴടങ്ങിയിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നായിരുന്നു വിശദീകരണം.
ഡിസംബര്‍ 29നാണ് കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗവിഷന്‍ എന്ന കമ്പനി സംഘടിപ്പിച്ച നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഉമ തോമസ് സ്റ്റേജില്‍നിന്ന് 15 അടിയോളം താഴ്ചയിലേക്ക് വീണത്. അര്‍ധബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച അവര്‍ നാലു ദിവസത്തിനു ശേഷമാണ് കണ്ണു തുറന്നത്. തലച്ചോറിനും ശ്വാസകോശത്തിനുമേറ്റ പരുക്കായിരുന്നു ഗുരുതരം. ശ്വാസകോശത്തില്‍ രക്തം കെട്ടിക്കിടന്നതും വെല്ലുവിളിയായിരുന്നു.
സ്റ്റേജിന്റെ ഒരു ഭാഗത്തുനിന്ന് മറുവശത്തേക്ക് പോകുമ്പോഴായിരുന്നു ഉമ തോമസ് നിലതെറ്റി താഴേക്കു വീണത്. ഒരാള്‍ക്കു കഷ്ടിച്ചു മാത്രം നടന്നു പോകാന്‍ പറ്റുന്ന സ്ഥലം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വലിയ സുരക്ഷാവീഴ്ചയുണ്ടായെന്നു മനസിലായതോടെ സംഘാടകര്‍ക്കെതിരെ കേസെടുത്തു.
കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ ഓസ്്കര്‍ ഇവന്റ്‌സ് ഉടമ ജനീഷും നികോഷ്‌കുമാറും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇവരോട്് കീഴടങ്ങാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്്.സംഘാടകരെ ഹൈക്കോടതി രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്.
ഉമ തോമസിന് പരിക്കേറ്റശേഷവും പരിപാടി കുറച്ചുനേരത്തേക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവെച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. എംഎല്‍എയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാധ്യത സംഘാടകര്‍ക്കുണ്ടായിരുന്നില്ലേ.
എംഎല്‍എയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ മനുഷ്യരുടെ ഗതിയെന്താണ്. അരമണിക്കൂര്‍ പരിപാടി നിര്‍ത്തിവെച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു. മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു.
ഒരാള്‍ വീണ് തലയ്ക്ക് പരിക്കേറ്റു കിടക്കുമ്പോഴും പരിപാടി തുടര്‍ന്നു. ഉമ തോമസിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത സാമ്പത്തിക വഞ്ചനാക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.