തൃശൂർ:ലോകത്തിലെ മുഴുവൻ അമ്മമാരുടെയും വിലാപമാണ് ‘ടോൾഡ് ബൈ മൈ മദർ’ എന്ന് സംവിധായകൻ അലി ചഹ്രോർ. ആർട്ടിസ്റ്റ് ഇൻ കോൺവെർസേഷൻ ചർച്ചയിൽ നീലം മാൻസിംഗുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാരുടെ സ്നേഹത്തിന്റെ ആഴം പല പല കഥകളിലൂടെ ആവിഷ്കരിച്ച് നാടക പ്രേമികളുടെ ഹൃദയം തൊട്ട നാടകമായിരുന്നു ടോൾഡ് ബൈ മൈ മദർ.
ദുഃഖങ്ങൾ നിറഞ്ഞ ലെബനൻ അവസ്ഥയാണ് നാടകത്തിന് ആധാരം എന്ന് അലി ചഹ്രോർ പറയുന്നു. അറബ് നാടൻ പാട്ടുകളുടെ സമാഹാരമാണ് നാടകത്തിൽ സംഗീതമായി ഉപയോഗിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാടക പ്രേമികളെ രസിപ്പിച്ച സുരഭി തീയറ്റേഴ്സിന്റെ മായാബസാർ നാടകത്തിന്റെ അണിയറ പ്രവർത്തകരാണ് രണ്ടാമത്തെ ചർച്ചയിൽ പങ്കെടുത്തത്.
തീയേറ്റർ ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞ് ചേർന്ന ഒന്നാണെന്ന് മായാബസാർ സംവിധായകൻ ജയചന്ദ്രവർമ, ആശിഷ് സെൻ ഗുപ്തയുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. തെലുങ്ക് പദ്യ നാടകങ്ങളിലെ ഏകദേശം എട്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന കഥയാണ് നാടകത്തിൽ രണ്ട് മണിക്കൂറാക്കി ചുരുക്കിയത്.
കെ വി റെഡ്‌ഡി 1957ൽ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം മായാബസാറിന് ലഭിച്ച വരവേൽപ്പ് എൻ ടി രാമറാവുവിന്റെ ജീവിതത്തിൽ വലിയ പങ്കുവഹിച്ചെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ നാടകത്തിൽ അഭിനയിച്ച കുട്ടി താരങ്ങളായ രണ്ടര വയസുള്ള അൻഷിക വർമ, അഞ്ച് വയസുകാരി പർണിക വർമ, നാല് വയസുകാരൻ യുവരാജ് എന്നിവർക്ക് പ്രത്യേക പ്രശംസ നൽകി.