തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി മുന്‍ എം.എല്‍.എയും ഔഷധി ചെയര്‍പേഴ്‌സണുമായ ശോഭനാ ജോര്‍ജ് റീല്‍സ് പുറത്തിറക്കി. ജനനന്‍മയ്ക്കായി എല്‍.ഡി.എഫ്, ജനരക്ഷയ്ക്കായി എല്‍.ഡി.എഫ് …… .എന്ന് തുടങ്ങുന്ന റീല്‍സിലെ പ്രചാരണഗാനം രചിച്ചതും ശോഭനാ ജോര്‍ജാണ്.തൃശൂര്‍ പ്രസ് ക്ലബിലായിരുന്നു റീല്‍സിന്റെ പ്രകാശനം. ഒന്നര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള റീല്‍സില്‍ മക്കളും കൊച്ചുമക്കളുമായി ശോഭനാ ജോര്‍ജിന്റെ കുടുംബത്തിലെ ഏഴുപേരാണുള്ളത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ‘പിണറായി തുടരും’ എന്ന പേരില്‍ ശോഭനാ ജോര്‍ജ് രചന നിര്‍വഹിച്ച റീല്‍സ് വൈറലായിരുന്നു.
മതേതരത്വവും, ജനാധിപത്യവും സംരക്ഷിക്കാന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ പാര്‍ലമെന്റില്‍ എത്തണമെന്ന ആഗ്രഹമാണ് റീല്‍സ് പുറത്തിറക്കിയതിന് പിന്നിലെന്ന് ശോഭനാജോര്‍്ജ് പറഞ്ഞു.
മതങ്ങള്‍ക്ക് അതീതമായി ഐക്യത്തോടെ, സമാധാനത്തോടെ ജീവിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.താന്‍ രാഷ്ട്രീയ, പൊതു പ്രവര്‍ത്തനരംഗത്ത് തുടരുമെന്നും, സ്ഥാനമാനങ്ങള്‍ക്കായുള്ള അവസരങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
പത്മജാ വേണുഗോപാലിനെ സ്വാഗതം ചെയ്തുള്ള ബി.ജെ.പിയുടെ ഫ്‌ളക്‌സില്‍ ലീഡര്‍ കരുണാകരന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയത് വലിയ തെറ്റായിപ്പോയെന്നും അവര്‍ ചൂണ്ടിക്കാട്ടി.