തൃശൂര്‍: പരിശോധനയ്ക്കെത്തിയ ജി.എസ് .ടി ഉദ്യോഗസ്ഥരെ ഇരുന്നൂറിലധികം വരുന്ന ജ്വല്ലറി ഉടമകളും സ്വര്‍ണാഭരണ തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞു. തൃശ്ശൂര്‍ ഹൈറോഡിലെ പുത്തന്‍പള്ളിക്ക് സമീപമുള്ള ജ്വല്ലറികളിലും സ്വര്‍ണ്ണ നിര്‍മാണ കേന്ദ്രങ്ങളിലും എത്തിയ നാല് ഉദ്യോഗസ്ഥരെയാണ് ഇന്നുച്ചയ്ക്ക് തടഞ്ഞത്. ജി.എസ്.ടി ഉദ്യോഗസ്ഥര്‍ നിരന്തരം തങ്ങളെ പരിശോധനകള്‍ നടത്തിയും ഇരട്ടി ജി.എസ.്ടി അടപ്പിച്ചും അതിനുമേല്‍ പിഴയീടാക്കിയും പീഡിപ്പിക്കുകയാണെന്ന് സ്വര്‍ണ്ണ നിര്‍മ്മാതാക്കള്‍ പറഞ്ഞു.
വന്‍കിട നിര്‍മ്മാതാക്കള്‍ സ്വര്‍ണാഭരണ നിര്‍മ്മാണത്തിനായി സ്വര്‍ണ്ണത്തിന് ഡെലിവറി വൗച്ചര്‍ താങ്കള്‍ക്ക് തരാറില്ലെന്നും ആയതിനാല്‍ തന്നെ നിര്‍മ്മാണത്തിനു ലഭിക്കുന്ന സ്വര്‍ണത്തിന് തങ്ങളുടെ പക്കല്‍ കൃത്യമായ രേഖ ഉണ്ടാകാറില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.
വന്‍കിട ജ്വല്ലറികള്‍ കൃത്യമായി ഡെലിവറി വൗച്ചര്‍ മുഖാന്തരം സ്വര്‍ണ്ണം കൈമാറിയാല്‍ ഈ വിഷയത്തില്‍ പരിഹാരമാകുമെന്നും എന്നാല്‍ അത്തരത്തില്‍ ഒരു നടപടി ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചു. പ്രതിഷേധം തുടരവെ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി.
പ്രതിഷേധസൂചകമായി പുത്തന്‍പള്ളി സമീപത്തുള്ള എല്ലാ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളും ജ്വല്ലറികളും പ്രതിഷേധക്കാര്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു.
പ്രതിഷേധക്കാര്‍ക്ക് പറയാനുള്ളതെല്ലാം അവര്‍ പറഞ്ഞു എന്നും അവരില്‍ ചിലര്‍ മോശമായ ഭാഷ ഉപയോഗിക്കുന്നു ജി എസ് ടി ഉദ്യോഗസ്ഥര്‍ ന്യൂസ് കേരളയോട് പറഞ്ഞു.
Photo Credit; Newss kerala