Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മനുഷ്യരെ നേര്‍വഴിക്ക് നടത്താന്‍ കഴിവുള്ളവരാണ് മാധ്യമപ്രവര്‍ത്തകർ: കലാമണ്ഡലം ഗോപി

തൃശൂര്‍: പൂര്‍വകാലത്തെ  അപൂര്‍വതകള്‍ ഒപ്പിയെടുത്ത  വാര്‍ത്താ ചിത്രങ്ങളുമായി  ‘ബ്രില്ല്യന്റ് ഫ്ളാഷസ്’  ന്യൂസ് ഫോട്ടോ പ്രദര്‍ശനം തുടങ്ങി. കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന വാര്‍ത്താഫോട്ടോ പ്രദര്‍ശനം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.
മണ്‍മറഞ്ഞു പോയ പ്രഗത്ഭരെ ഓര്‍ക്കുന്നത് ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളിലൂടെയാണെന്ന്് കലാമണ്ഡലം ഗോപി .  ‘ബ്രില്ല്യന്റ് ഫ്ളാഷസ്’  ന്യൂസ് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെ നേര്‍വഴിക്ക് നടത്താന്‍ കഴിവുള്ളവരാണ് മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.
1992-ല്‍ ഡല്‍ഹിയില്‍ നടന്ന കേരള കലാമണ്ഡലം ഡയമണ്ട് ജൂബിലിയാഘോഷത്തിന്റെ ചിത്രം ഗോപിയാശാന്‍ കൗതുകപൂര്‍വം വീക്ഷിച്ചു. മുന്‍ രാഷ്ട്രപതിമാരായ ശങ്കര്‍ദയാല്‍ ശര്‍മ, കെ.ആര്‍.നാരായണന്‍, മുന്‍ മുഖ്യമന്ത്രി ഇ.എം.എസ്, പണ്ഡിറ്റ് രവിശങ്കര്‍, കെ.പി.ഉണ്ണികൃഷ്ണന്‍, എം.എ.ബേബി എന്നിവര്‍ക്കൊപ്പം കഥകളി വേഷത്തിലായിരുന്നു ഗോപിയാശാന്‍. എ.ആര്‍. ജോണ്‍സണ്‍ നഗറില്‍ നടന്ന ചടങ്ങില്‍ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജി അധ്യക്ഷനായി. മുതിര്‍ന്ന ഫോട്ടോഗ്രഫര്‍ കെ.കെ. രവിയെ മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ആദരിച്ചു. മുന്‍ മേയര്‍ ഐ.പി. പോള്‍, തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത് ബാലന്‍, കോ ഓര്‍ഡിനേറ്ററും സീനിയര്‍ ഫോട്ടോഗ്രഫറുമായ പി. മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.

60 ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ കാലത്തിന്റെ കയ്യൊപ്പിട്ട 74 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് സജ്ജീകരിച്ചിരിക്കുന്നത്. പ്രകൃതിദുരന്തങ്ങളും, ആഘോഷങ്ങളും, കളിക്കളത്തിലെ സവിശേഷസംഭവങ്ങളും, ആനപ്പകയും, സഹനസമരങ്ങളും, ഭരണകര്‍ത്താക്കളുടെ വ്യത്യസ്ത ചിത്രങ്ങളും കാഴ്ചക്കാര്‍ക്ക് ചരിത്രയാത്രയുടെ അനുഭവമേകും.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊച്ചിയിലെ ബോട്ടുയാത്ര, കോവളം കടപ്പുറത്ത് പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ സമുദ്രസ്‌നാനം, അഞ്ച് യുവാക്കള്‍ രക്തസാക്ഷികളായ കൂത്തുപറമ്പ് വെടിവെയ്പ്, ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ വിയോഗത്തില്‍ മനംനൊന്ത് ലീഡര്‍ കെ.കരുണാകരന്റെ വാവിട്ടുള്ള കരച്ചില്‍, മുത്തങ്ങയിലെ ആദിവാസി സമരത്തിനിടെ പോലീസിന്റെ വെടിവെയ്പ്, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കുടുംബസമേതം എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ ഇ.എം.എസ് നമ്പൂതിതിരിപ്പാടിന്റെ കാത്തുനില്‍പ്പ്, ചാവക്കാട് മണത്തല നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ കൊമ്പന്റെ പരാക്രമം തുടങ്ങി ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ 1957 മുതലുള്ള വാര്‍ത്താചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *