തൃശൂര്‍: മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ആക്രമണമുണ്ടായെന്നാരോപിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
രാമനിലയം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്നും തനിക്കും, സ്റ്റാഫിനും നേരെ ആക്രമണശ്രമം ഉണ്ടായെന്നും സുരേഷ്്‌ഗോപിയുടെ ഓഫീസ് അറിയിച്ചു. ഗണ്‍മാനെ തടഞ്ഞുവെന്നും ഇ-മെയില്‍ വഴിയും, ലെറ്റര്‍ഹെഡ് വഴിയും നല്‍കിയ പരാതിയിലുണ്ട്.
ഇന്നലെ വൈകീട്ട് തൃശൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്ക് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പോലീസ് വലയത്തിലായിരുന്നു അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്.
സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കേന്ദ്രമന്ത്രിക്ക് മാര്‍ഗതടസ്സമുണ്ടാക്കിയെന്ന പരാതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കും. സംഭവത്തില്‍ ഡല്‍ഹി പോലീസും അന്വേഷണം തുടങ്ങി. സുരേഷ്‌ഗോപിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി.
അതേസമയം മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെയും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും.
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ. അനില്‍ അക്കരയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അനില്‍ അക്കരയുടെ മൊഴി രേഖപ്പെടുത്തും.