തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ നേരത്തേ പറഞ്ഞതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ കൈകളുണ്ട്. സുരേഷ് ഗോപിയെ തൃശൂരില്‍ ജയിപ്പിക്കാന്‍ വേണ്ടിയുള്ള നാടകമായിരുന്നു ഇതെന്നും മുരളീധരന് പ്രതികരിച്ചു.
പകല്‍പ്പൂരം ഒരു പരാതിയുമില്ലാതെയാണ് നടന്നത്. തെക്കോട്ടിറക്കം കഴിഞ്ഞശേഷം തിരുവമ്പാടി ദേവസ്വത്തിന്റെ ആളുകള്‍ അന്നത്തെ പോലീസ് കമ്മീഷണര്‍ക്കൊപ്പം സെല്‍ഫി വരെ എടുത്തതാണ്.
എന്നാല്‍ രാത്രിയോടെ പോലീസ് നാടകീയ നിലപാട് സ്വീകരിക്കുകയായിരുന്നു. മേളം നിര്‍ത്തിവെക്കുക, ലൈറ്റ് ഓഫ് ചെയ്യുക, വെടിക്കെട്ട് നടത്തില്ലെന്നും പറഞ്ഞു. പൂരത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കാത്ത ബി.ജെ.പി സ്ഥാനാര്‍ഥി ഈ സമയത്ത് നാടകീയമായി പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഇതിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന എല്ലാവര്ക്കും മനസിലാകും.
എ.ഡി.ജി.പി എം.ആര്.അജിത്കുമാറിനെ ഇപ്പോഴും ചുമതലയില്‍നിന്ന് മാറ്റിയിട്ടില്ല മുഖ്യമന്ത്രിയുടെ പല രഹസ്യങ്ങളും അജിത് കുമാറിന് അറിയാമെന്നതുകൊണ്ടാണ് മുഖ്യമന്ത്രി എ.ഡി.ജി.പിയെ സംരക്ഷിക്കുന്നത്. പൂരം കലക്കാന്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ചത് അജിത് കുമാറിനെ ആണെന്നും മുരളീധരന് ആരോപിച്ചു.
കരുവന്നൂര്‍ കേസില്‍ ഉള്‍പ്പെടെ ഇ.ഡി അന്വേഷണം ഒഴിവാക്കാന്‍ തൃശൂരിലെ സീറ്റ് ബി.ജെ.പിക്ക് നല്കി മുഖ്യമന്ത്രി ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു. പൂരം അലങ്കോലമാക്കിയയില് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.