തൃശ്ശൂര്‍ : വണ്ടിപ്പെരിയാര്‍ കേസില്‍ ഗുരുതരമായ കൃത്യവിലോപം നടന്നുവെന്ന് തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടായി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് നീതീകരിക്കാനാവാത്ത വീഴ്ചയാണ് വരുത്തിയത്. സി.പി.എമ്മിന്റെ നേതാക്കളാണ് ഇതിന് വേണ്ടി ഇടപെട്ടത്. ഈ കേസ് കേരളത്തെ സംബന്ധിച്ചിടത്തോളം നാണക്കേടായി. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കടന്നാക്രമങ്ങള്‍ ചോദിക്കാനും പറയാനും ആരും ഇല്ലെന്ന അവസ്ഥയാണുള്ളത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല. സര്‍ക്കാരിന്റെ മാനവീയം വീഥിയാല്‍ വരെ സ്ത്രീകള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാവുന്നു. സ്ത്രീകളെ ആക്രമിക്കുന്ന ക്രിമിനലുകളെ നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് സംവിധാനങ്ങളില്ല. സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന സ്ത്രീപീഡന കേസുകളെല്ലാം പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെച്ച് അട്ടിമറിച്ചു. സംസ്ഥാനത്ത് വേലി തന്നെ വിളവ് തിന്നുകയാണ്. സ്ത്രീ സൗഹൃദ സംസ്ഥാനമെന്നൊക്കെ വെറുതെ പറയാമെന്നല്ലാതെ ഒരു നടപടിയുമുണ്ടാവുന്നില്ല. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയും ധനമന്ത്രി ബാലഗോപാലും കേന്ദ്രത്തിനെതിരെ പച്ചക്കള്ളം ആവര്‍ത്തിക്കുകയാണ്. ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പണം കൊടുക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. നവകേരള സദസിന് പണം കൊടുത്ത് മുടിഞ്ഞ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മേലെ വീണ്ടും ഭാരം കയറ്റിവെക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്രത്തിനെതിരെ പറയുന്ന ധനമന്ത്രി വന്‍കിടക്കാര്‍ കുടിശ്ശികയായി അടയ്ക്കാനുള്ള 25,000 കോടിയെ പറ്റി മിണ്ടുന്നില്ല. സര്‍ക്കാരിന്റെ കഴിവ് കേട് മറച്ചുവെക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിച്ച് കേന്ദ്രവിരുദ്ധ വികാരമുണ്ടാക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം ഇനി നടക്കില്ല. പ്രധാനമന്ത്രി വരുമ്പോള്‍ കള്ളപ്രചരണങ്ങള്‍ പൊളിയുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് അസ്വസ്ഥത വര്‍ദ്ധിക്കുന്നത്. മൂന്നാം വന്ദേഭാരത് കേരളത്തിന് ലഭിക്കുന്നത് സന്തോഷകരമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ധൂര്‍ത്തടിക്കാന്‍ കേന്ദ്രം പണം കൊടുക്കണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍, സെക്രട്ടറി എ.നാ?ഗേഷ്, ജില്ലാ പ്രസിഡന്റ് കെകെ അനീഷ്‌കുമാര്‍, മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.