കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കുരുംബക്കാവില്‍ ഭക്തിലഹരിയില്‍ ആയിരങ്ങള്‍ കാവുതീണ്ടി. ഭരണി മഹോത്സവത്തിന്റെ പ്രധാനചടങ്ങാണ് അശ്വതി നാളിലെ കാവുതീണ്ടല്‍. രാവിലെ മുതല്‍ കോമരങ്ങളും ഭക്തരും ക്ഷേത്രത്തിലേക്ക് പ്രവഹിച്ചു. ഉച്ചയോടെ ക്ഷേത്രാങ്കണത്തില്‍ കൊടുക്കൂറകളും, പട്ടുകുടകളും നിറഞ്ഞു. കാവുതീണ്ടലിന് മുന്നോടിയായി ഉച്ചയ്ക്ക് തൃചന്ദനം ചാര്‍ത്തി. തുടര്‍ന്ന് 4.40ന് കാവുതീണ്ടാന്‍ തമ്പുരാന്‍ അനുമതി നല്‍കി. ആദ്യം കാവ് തീണ്ടാന്‍ അധികാരമുള്ള പാലക്കവേലന്‍ ദേവിദാസന്‍ കുതിച്ചു. തുടർന്ന് ഭക്തരും കോമരങ്ങളും താനാരം…. പാടി ക്ഷേത്രത്തിന്റെ ചെമ്പോലയില്‍ മുളവടികളാല്‍ അടിച്ച മൂന്ന് വട്ടം ക്ഷേത്രം പ്രദക്ഷിണം വെച്ച് കാവുതീണ്ടി.