- നടിയെ ആക്രമിച്ച കേസ്: കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നല്‍കി
- സാഗര്‍ വിന്‍സെന്റിന്റെ ഹര്‍ജി തള്ളി
- ജാമ്യം ലഭിക്കാത്തത് ഒന്നാം പ്രതി പൾസർ സുനിക്ക് മാത്രം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ഈ ആഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം വിദേശത്തുള്ള നടിയുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
കാവ്യയെ കൂടാതെ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെയും കേസില്‍ ചോദ്യം ചെയ്യും. മുഖ്യപ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിലും തെളിവ് നശിപ്പിച്ചതിലും ആണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറില്‍ പള്‍സര്‍ സുനിയോടൊപ്പം അനൂപ് ഉണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുള്ളത്. കാര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് അന്വേഷണ സംഘം കത്ത് നല്‍കും.
സാങ്കേതിക തകരാര്‍ ഉള്ള കാര്‍ ദിലീപിന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കാന്‍ ആണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 120 പേരെയാണ് സാക്ഷികളായി ഇരു കേസുകളിലായി അന്വേഷണ സംഘം ഉള്‍പ്പെടുത്തിരിക്കുന്നത്.
നാലാം പ്രതി വിജീഷിന് ജാമ്യം
പോലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ്് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു ഹര്‍ജി നല്‍കിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് ആലപ്പുഴ സ്വദേശിയായ സാഗര്‍ വിന്‍സന്റ്. ബൈജു പൗലോസ് തന്നെ ഉപദ്രവിക്കും എന്ന് ആശങ്കയുണ്ടെന്ന് ഹര്‍ജിയില്‍ ഇയാള്‍ വ്യക്തമാക്കിയിരുന്നു. തെറ്റായി മൊഴി നല്‍കാന്‍ ബൈജു പൗലോസിന്റെ ഭാഗത്തു നിന്നും സമ്മര്‍ദമുണ്ടെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്. എന്നാല്‍ ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിജീഷ് ഹര്‍ജിയില്‍ വാദിച്ചത്. കേസില്‍ മറ്റു പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നല്‍കിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച സംഘത്തില്‍ പള്‍സര്‍ സുനിക്കൊപ്പം വിജീഷും വാഹനത്തില്‍ ഉണ്ടായിരുന്നു. കേസില്‍ പള്‍സര്‍ സുനി, വിജീഷ് എന്നിവര്‍ ഒഴികെ മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മാത്രമാണ് ഇനി ജയിലിലുള്ളത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും.
Photo Credit: FB