കൊച്ചി: തലസ്ഥാനത്ത് കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് ദുരിതം വിതച്ചു. ഇന്നലെ മുതല്‍ ശക്തമായ മഴ ഇന്നും തുടരുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത്് പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ അപകടകരമായ സാഹചര്യമാണുള്ളത്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പൊന്മുടി അടക്കമുള്ള മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട്. പൊന്മുടി ഇക്കോ ടൂറിസം ഇന്ന് മുതല്‍ ധ26. 9. 2025പ ഇനി ഒരു നിര്‍ദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുമെന്നാണ് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചത്.
കനത്ത മഴയില്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപനം വൈകിയതില്‍ കളക്ടര്‍ക്കെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്. അവധി പ്രഖ്യാപിച്ചത് ഇന്ന് രാവിലെയായിരുന്നു. ഇത് കാരണം വിദ്യാര്‍ത്ഥികള്‍ വലഞ്ഞു. അതിരാവിലെ സ്കൂളിലെത്തിയ ശേഷമായിരുന്നു പല കുട്ടികളും മടങ്ങിപ്പോയത്. പല സ്കൂള്‍ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം ഉണ്ടായത്. രാത്രി മുഴുവന്‍ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ട ശേഷമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് സ്കൂളിലെത്തിയ കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.