കൊടുങ്ങല്ലൂര്‍: ഭക്തിധന്യതയില്‍ ശ്രീകുരുംബക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കോമരങ്ങളും, ഭക്തരും കാവുതീണ്ടി. ഇത്തവണ പതിനായിരങ്ങളാണ് അശ്വതി കാവുതീണ്ടലിന് എത്തിയത്. രാവിലെ മുതല്‍ തന്നെ പലദേശങ്ങളില്‍ നിന്നും വ്രതമെടുത്ത് എത്തിയ കോമരങ്ങളും ഭക്തരും ചെറുസംഘങ്ങളായി ക്ഷേത്രത്തില്‍ എത്തി അവകാശത്തറകളില്‍ തമ്പടിച്ചു. കാല്‍ച്ചിലമ്പ് കുലുക്കിയും, പള്ളിവാളുകൊണ്ട് നെറ്റിയില്‍ നിന്ന് ചുടുചോരയൊലിപ്പിച്ചും, മുളന്തണ്ടില്‍ താളമിട്ടും കോമരങ്ങള്‍ ഉറഞ്ഞുതുള്ളി. ദേവീശരണം വിളികളോടെ ക്ഷേത്രശ്രീകോവിലിലെ ചെമ്പോലത്തകിടില്‍ ആഞ്ഞടിച്ച് കോമരങ്ങള്‍ ആര്‍ത്തിരമ്പി. ക്ഷേത്രാങ്കണം മഞ്ഞളില്‍ ആറാടി. കാവുതീണ്ടിയ ഭക്തർ നിലപാടു തറയില്‍ വലിയ തമ്പുരാനെ വണങ്ങി. അശ്വതി കാവുതീണ്ടലോടെ അടച്ച നട 27ന് തുറക്കും. അന്ന് കൊടുങ്ങല്ലൂരമ്മ സര്‍വാഭരണവിഭൂഷിതയായി ദര്‍ശനം നല്‍കും.
മഞ്ഞള്‍പ്പൊടിയില്‍ കരിക്കിന്‍വെള്ളം ചേര്‍ത്ത് തൃച്ചന്ദനമായി വിഗ്രഹത്തില്‍ ആറാടി. തുടര്‍ന്ന് പൂജകള്‍ക്ക് ശേഷം അടികള്‍മാര്‍ പുറത്തിറങ്ങുന്നതോടെ വലിയ തമ്പുരാന്‍ നിലപാടു തറയില്‍ എഴുന്നള്ളിയെത്തി
കാവ്തീണ്ടുവാന്‍ അനുമതി നല്‍കി. ചെമ്പട്ടുകുട ഉയത്തിക്കാട്ടിയതോടെ അവകാശത്തറകളില്‍ തമ്പടിച്ചിരുന്ന കോമരങ്ങളും, ഭക്തരും ശ്രീകോവിലിനെ വലംവെച്ച് കാവുതീണ്ടി.
രാവിലെ വെളുപ്പിന് വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി കിഴക്കേ നടയിലെ ബലിക്കല്‍പ്പുരയില്‍ എത്തി. പാലയ്ക്കല്‍ വേലന്‍ ദേവീദാസനും പടിഞ്ഞാറെ നടയിലെത്തി പീഠമിട്ട് ഇരുന്ന് ഉച്ചയ്ക്ക് പൂജകള്‍ പൂര്‍ത്തിയാക്കി