Newsskerala

കോഴിക്കോട് വിദ്യാര്‍ഥി സംഘര്‍ഷം: ചികിത്സയിലായിരുന്ന പത്താംക്ലാസുകാരന്‍ മരിച്ചു

കോഴിക്കോട് : താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാത്ഥികള്‍ തമ്മിലുണ്ടായ തമ്മില്‍ത്തല്ലില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷഹബാസ് രാത്രി 12.30 ഓടെയാണ് മരിച്ചത്.

ഞായറാഴ്ച ട്യൂഷന്‍ സെന്ററില്‍ ‘ഫെയര്‍വെല്‍ പാര്‍ട്ടി’ക്കിടെ കൂകി വിളിച്ചതിന് പ്രതികാരം ചെയ്യാനാണ് എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചത്. പാര്‍ട്ടിയില്‍ എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിച്ചു. ഡാന്‍സ് തീരുംമുമ്പ് പാട്ട് വെച്ച മൊബൈല്‍ ഫോണ്‍ ഓഫായി. ഇതോടെ താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതിലുള്ള പകയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കസ്റ്റഡിയിലായ വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞു.

വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയാണ് എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷം ആസൂത്രണം ചെയ്തത്. താമരശേരി സ്‌കൂളിലെ കുട്ടികളെ നേരിടാനായി ട്യൂഷന്‍ സെന്ററില്‍ പഠിക്കാത്ത മുഹമ്മദ് ഷഹബാസിനെ സുഹൃത്തുക്കള്‍ വിളിച്ചുവരുത്തി. വിദ്യാര്‍ത്ഥികളുടെ കൈവശം നഞ്ചക്ക്, ഇടിവള എന്നിവ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റഗ്രാം ചാറ്റില്‍ കൂട്ടത്തല്ലില്‍ മരിച്ചാല്‍ വിഷയമില്ലെന്നും, പൊലീസ് കേസെടുക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍  പറയുന്നു.

നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്ന വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ജാമ്യക്കാര്‍ക്കൊപ്പം വിട്ടയച്ചിരുന്നു. വധശ്രമം ചുമത്തിയ കേസില്‍ ഇന്ന് ഐപിസി 302 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തും.

Leave a Comment

Your email address will not be published. Required fields are marked *