തൃശൂര്‍: കുടുംബശ്രീ സംസ്ഥാന കലോത്സവത്തിനിടെ റീജിയണല്‍ തിയേറ്ററില്‍ സംഗീതനാടക അക്കാദമി ജീവനക്കാരില്‍ ചിലരും, നാടകഗ്രൂപ്പുകാരും തമ്മില്‍ നടന്ന രൂക്ഷമായ വാക്കേറ്റം സംഘര്‍ഷത്തോളമെത്തി. നാടകമത്സരം നടക്കുന്നതിനിടയിലായിരുന്നു തര്‍ക്കം തുടങ്ങിയത്.
ശീതികരിച്ച റീജിയണല്‍ തിയേറ്ററില്‍ പന്തം കത്തിക്കുന്നത് അടക്കം തീ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വേദിയില്‍ നാടകത്തിന്റെ ഭാഗമായി പന്തം കത്തിക്കുന്നതിനിടെ തീ പടര്‍ന്നു. അതോടൊപ്പം പുകയും പരന്നു. ഓടിയെത്തിയ അക്കാദമി ജോലിക്കാര്‍ ഇത് ചോദ്യം ചെയ്തതോടെ നാടകപ്രവര്‍ത്തകരുമായി വാക്കേറ്റമായി. നാടകം കാണാനെത്തിയവര്‍ നാടകപ്രവര്‍ത്തക്കൊപ്പം നിന്നു. ഇതിനിടെ സമയക്രമം പാലിക്കാത്തതിന്റെ പേരില്‍ ഇതേ നാടകത്തെ പുരസ്‌കാരത്തിന് പരിഗണിച്ചുമില്ല.
ആവശ്യസമയങ്ങളില്‍ ലൈറ്റും ഓഫ് ചെയ്തില്ല. സാധാരണയായി ഓരോ നാടകങ്ങള്‍ തീരുമ്പോഴും അരങ്ങിലെ ഒരുക്കങ്ങള്‍ക്കായി ലൈറ്റും ഓഫ് ചെയ്യാറുണ്ട്.