മറ്റപ്പള്ളിയില്‍ പ്രതിഷേധം ശക്തം
ആലപ്പുഴ: നൂറനാട് മറ്റപ്പള്ളി മലയില്‍ വീണ്ടും മണ്ണെടുക്കാന്‍ കരാറുകാരന്റെ ശ്രമം. രാവിലെ അഞ്ചരയോടെ ജെ.സി.ബികളും ടിപ്പര്‍ ലോറികളുമായി കരാര്‍ കമ്പനിയെത്തി. മണ്ണെടുപ്പ് നടന്നാല്‍ വീണ്ടും സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. നവംബര്‍ 16-ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് നീക്കം.
2008 മുതല്‍ പ്രദേശത്ത് മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാര്‍ എതിര്‍ത്തുവരികയാണ്. ദേശീയ പാത നിര്‍മാണത്തിനായാണു പാലമേല്‍ പഞ്ചായത്തിലെ മറ്റപ്പള്ളിയില്‍ കുന്നിടിച്ചു മണ്ണെടുക്കാന്‍ തുടങ്ങിയത്. ഹൈവേ നിര്‍മ്മാണത്തിന്റെ പേരില്‍ കൂട്ടിക്കല്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് നിലവില്‍ മണ്ണെടുക്കുന്നത്.
മണ്ണുമായി ഒരൊറ്റ ലോറിയെ പോലും കടത്തിവിടില്ലെന്ന് സമരക്കാര്‍ പലതവണ വ്യക്തമാക്കിയിട്ടുമണ്ട്. മലകള്‍ ഇടിച്ചു നിരത്തിയാല്‍ നാട്ടില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള വാട്ടര്‍ ടാങ്ക് മലമുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. മണ്ണെടുപ്പ് തുടര്‍ന്നാല്‍ വാട്ടര്‍ ടാങ്ക് തകരും. രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മണ്ണെടുപ്പ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.