തൃശൂര്‍: മാലിന്യസംസ്കാരണപ്ലാന്റിന് കൃഷിമന്ത്രി പി.പ്രസാദ് തടസ്സം നിന്നതായി മേയര്‍ എം.കെ.വര്‍ഗീസ് ആരോപിച്ചു. കൗണ്‍സിലില്‍ ബജറ്റ് അവതരണ ചര്‍ച്ചയിലെ സമാപന പ്രസംഗത്തിലാണ് മേയര്‍ കൃഷിമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
അവസാനഘട്ടത്തിലാണ് അപ്രതീക്ഷിതമായി വഞ്ചിക്കുളത്തിന് സമീപം പ്ലാന്റ് തുടങ്ങുന്നത് മന്ത്രി ഇടപെട്ട് തടഞ്ഞത്. നഗരത്തിലുള്ളവര്‍ മാലിന്യശല്യം സഹിച്ച് ജീവിക്കണോയെന്ന് കൃഷിമന്ത്രിയോട് ചോദിച്ചതായും അദ്ദേഹം പറഞ്ഞു.
തണ്ണീര്‍ത്തടമെന്ന സാങ്കേതിക പ്രശ്നം പറഞ്ഞാണ് കൃഷിമന്ത്രി മാലിന്യസംസ്കരണപ്ലാന്റിന് തുരങ്കം വെച്ചതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തെ മാലിന്യവിമുക്തമാക്കുന്നതിന് 79 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. മാലിന്യസംസ്കരണപ്ലാന്റ് സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും കോടതിയിലുമാണെന്നും മേയര്‍ പറഞ്ഞു. പ്ലാന്റിന് ഒരു സെന്റ് ഭൂമി മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
ഭരണ-പ്രതിപക്ഷ വ്യത്യാസമി്ല്ലാതെയാണ് വികസനപദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. പ്രതിപക്ഷത്തിന് വാരിക്കോരി നല്കി. എന്നിട്ടും ബജറ്റ് ചര്‍ച്ചയില്‍ നിന്നും അവര്‍ വിട്ടു നിന്നത് നന്ദികേടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് വിമര്‍ശിക്കാന്‍ ഒന്നുമില്ല. മുഖം രക്ഷിക്കാനാണ് അവര്‍ ബജറ്റ് ചര്ച്ചയ്ക്കില്ലാതെ ഇറങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.
ലൈറ്റ് ഫോര്‍ നൈറ്റ് ലൈഫ് നഗരത്തിലും വേണം. രാത്രി 7 മണി കഴിഞ്ഞാല്‍ നഗരം നിശ്ചലമാകുന്ന അവസ്ഥ മാറണം. നൈറ്റ് ഷോപ്പിംഗ് സംസ്കാരം കൊണ്ടുവരും. ഒല്ലൂരിലെപ്പോലെ കൂര്‍ക്കഞ്ചേരിയിലും, ഒല്ലൂക്കരയിലും ആധുനിക രീതിയിള്ള കോര്പറേഷന് സോണല്‍ ഓഫീസുകള്‍ നിര്‍മ്മിക്കും. കേരളത്തില്‍ താന്‍ കണ്ട ക്ലീന്‍ സിറ്റി തൃശൂരാണെന്ന് മഹാരാഷ്്ട്ര ഗവര്‍ണര്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
തന്റെ 30 വര്‍ഷം നീണ്ട കൗണ്‍സില്‍ ജീവിതത്തില്‍ ഏറ്റവും തൃപ്തി നല്കിയ ബജറ്റാണിതെന്ന് ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി പറഞ്ഞു. ശുദ്ധമായ കുടിവെള്ളം എല്ലാ വാര്‍ഡുകളിലും എത്തിക്കാന്‍ കഴിഞ്ഞു. 5 കോടി ചിലവിട്ട് ലോറികളില്‍ കുടിവെള്ളം എത്തിക്കുന്ന കാലഘട്ടം മാറി. പുതിയ റോഡുകള്‍ വന്നു. മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. സമസ്ത മേഖലയിലും വികസനം നടപ്പിലാക്കാന്‍ കഴിഞ്ഞു. വികസനത്തിനാണ് ജനം വിധിയെഴുതുകയെന്നും അവര്‍ പറഞ്ഞു.
ബജറ്റ് ചര്‍ച്ചയില്‍ കൃഷിമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് മേയര്‍
