തൃശൂര്‍: കേക്ക് വിവാദത്തില്‍ സി.പി.ഐ നേതാവും, മുന്‍ കൃഷിമന്ത്രിയുമായ വി.എസ്.സുനില്‍കുമാറിനെതിരെ വീണ്ടും ആഞ്ഞടിച്ച് മേയര്‍ എം.കെ.വര്‍ഗീസ്.
ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേക്ക് നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു മേയര്‍ സുനില്‍കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണം നടത്തിയത്.
നേരത്തെ സുനില്‍കുമാര്‍ കെ.സുരേന്ദ്രന്റെ വീട്ടിലും തിരിച്ചും സന്ദര്‍ശനം നടത്തിയെന്നും വര്‍ഗീസ് ആരോപിച്ചു. സുരേന്ദ്രന്റെ വീട്ടില്‍ പോയി ചായകുടിച്ച് വരാന്‍ സുനില്‍കുമാറിനുള്ള ബന്ധം എന്താണെന്ന് മനസ്സിലാകുന്നില്ല. രണ്ടു കാലില്‍ മന്തുള്ള ആളാണ് ഈ വഴിക്ക് ഒരു കാലില്‍ മന്തുള്ളവന്‍ പോകുമെന്ന് പറയുന്നത്. സുനില്‍കുമാര്‍ അങ്ങോട്ടും സുനില്‍ കുമാറിന്റെ വീട്ടില്‍ സുരേന്ദ്രനും വന്നിട്ടില്ലെന്ന് തെളിയിക്കട്ടെ. സുരേന്ദ്രന്റെ വീട്ടില്‍ എന്തിനു പോയി എന്നും സുനിലിന്റെ വീട്ടില്‍ സുരേന്ദ്രന്‍ എന്തിനു വന്നു എന്നും സുനില്‍കുമാര്‍ ബോധ്യപ്പെടുത്തണം.
കെ.സുരേന്ദ്രന്‍ ആത്മാര്‍ത്ഥമായിട്ട് വന്നതെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും സുനില്‍കുമാര്‍ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നില്ലെന്നും മേയര്‍ പറഞ്ഞു.
സുഹൃത്ത് അല്ലാത്ത എന്റെ വീട്ടിലേക്ക് ഒരു കേക്കുമായി സുരേന്ദ്രന്‍ വന്നത് അത്ര വലിയ പ്രശ്‌നമാണോ. കേക്ക് വിഷയത്തില്‍ എന്നോട് ആരും ഒരു വിശദീകരണവും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് സുരേന്ദ്രനുമായി ബന്ധമില്ലെന്ന് എന്റെ കൂടെ നടക്കുന്നതുകൊണ്ട് സി.പി.ഐ കൗണ്‍സിലര്‍ സതീഷ് കുമാറിന് അറിയാം. എങ്ങനെയെങ്കിലും ഇടതുപക്ഷത്തു നിന്ന് എന്നെ പുറത്താക്കി ബി.ജെ.പിയില്‍ എത്തിക്കാനുള്ള വാശിയാണോ സുനില്‍കുമാറിന് എന്ന് എനിക്കറിയില്ല. തൃശ്ശൂരിലെ വികസനവും തൃശൂരിലേക്ക് പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നതും സുനില്‍കുമാറിന് താല്‍പര്യമില്ല എന്നാണ് മനസ്സിലാക്കുന്നത്.
എന്നും ജയിച്ചു കൊണ്ടിരുന്ന ആള്‍ തോറ്റപ്പോള്‍ അത് ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്‌ക്കേണ്ടേ എന്ന് സുനിലിന് തോന്നിയിട്ടുണ്ടാകും. എന്നെ എത്രയും പെട്ടെന്ന് ബി.ജെ.പിയില്‍ എത്തിക്കണം എന്ന് ഇവര്‍ ശ്രമിക്കുന്നുണ്ട്. സുനില്‍കുമാര്‍ അങ്ങനെ വിചാരിച്ചതുകൊണ്ട് എനിക്ക് പോകാന്‍ പറ്റുമോ. ഇടതുപക്ഷം ഇനിയും അധികാരത്തില്‍ വരണം എന്ന് താല്‍പര്യപ്പെടുന്ന ആളാണ് ഞാന്‍. സുനില്‍കുമാര്‍ സുരേന്ദ്രന്റെ വീട്ടില്‍ പോയത് എന്തെങ്കിലും ഉദ്ദേശം വച്ചു കൊണ്ടായിരിക്കുമെന്നും എംകെ വര്‍ഗീസ് പറഞ്ഞു.
അതേസമയം കേക്ക് വിവാദത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞു. മേയറെ തിരഞ്ഞെടുത്തത് എല്‍.ഡി.എഫാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്റെ വീട് സന്ദര്‍ശിച്ചത് സൗഹൃദത്തിന്റെ ഭാഗമാണെന്നും എന്നാല്‍ മേയര്‍ എം കെ വര്‍ഗീസിന്റെ വീട്ടില്‍ കെ സുരേന്ദ്രന്‍ പോയത് നിഷ്‌കളങ്കമായി കാണുന്നില്ലെന്നും വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേക്ക് വിവാദത്തില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പിന്തുണക്കാത്തതില്‍ സുനില്‍കുമാര്‍ വ്യക്തമായ മറുപടിയും നല്‍കിയില്ല.