തൃശൂര്‍: തന്റെ വാക്കുകള്‍ ചുരണ്ടിയെടുത്ത് വിവാദമാക്കുന്നവരുണ്ടെന്നും, അവര്‍ ജീവിക്കട്ടെയെന്നും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. തൃശൂരിലെ മേയറെ പ്രശംസിച്ചത് വിവാദമായല്ലോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് എയിംസ് അഞ്ച് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. ഏത് ജില്ലയിലാണെന്ന് തീരുമാനിച്ചിട്ടില്ല. മനുഷ്യനിര്‍മിത തടസ്സങ്ങള്‍ മാത്രമാണുള്ളതെന്നും തൃശൂര്‍ പ്രസ്
ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ താമസിയാതെ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. .
ഗുരുവായുര്‍, ഏങ്ങണ്ടിയൂര്‍, ചേറ്റുവ, വാടാനപ്പള്ളി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തീരദേശ മേഖലയില്‍ ടൂറിസം ഹബ്ബ് വരും. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷികവായ്പക്കുള്ള പലിശ കൂട്ടിയതിന് കാരണം കേരളത്തില്‍ നിന്നുള്ളൊരു കത്തായിരുന്നു. പലിശ നാല് ശതമാനമായി തന്നെ നിലനിര്‍ത്താന്‍ ആവശ്യപ്പെട്ട് താന്‍ നബാര്‍ഡിന് മറുകത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വികസനത്തിന്റെ ഗുണഭോക്താക്കള്‍ ജനങ്ങളാകണം. അവരുടെ ആവശ്യത്തിനാണ് പ്രാമുഖ്യം. വികസനത്തിന്റെ പേരില്‍ ആരെയും ദ്രോഹിക്കില്ല, ആരും എതിരുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂര്‍ ടൗണിനെ ബന്ധിപ്പിക്കാതെയുള്ള മണ്ണുത്തി -കുന്നംകുളം എലവേറ്റഡ് പദ്ധതി നടപ്പാക്കാന്‍ ആഗ്രഹമുണ്ട്്. തൃശൂര്‍-കേച്ചേരി- കുറ്റിപ്പുറം പാത വൈകുന്നതിന്റെ കാരണം കോണ്‍ട്രാക്ടര്‍മാരോടാണ് ചോദിക്കേണ്ടത്. റോഡ്് വികസനം തൃശൂര്‍ നഗരത്തിലെ എം.ജി.റോഡ് വരെ എത്തണം.
ഗെയില്‍ എല്‍.എന്‍. ജി ഗ്യാസ് ലൈന്‍ പദ്ധതിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന പുതിയൊരു സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണ്. ഡാമുകളില്‍ നിന്ന് ചളി വേര്‍തിരിച്ചെടുക്കുന്നതിനും പുതിയ പ്രോജക്ട്്് നിലവില്‍ വരും.
വളപട്ടണത്ത് താന്‍ ഉദ്ഘാടനം ചെയ്ത ഇ.പി ജയരാജന്‍ മുന്‍കയ്യെടുത്തുള്ള പ്രകൃതിസൗഹൃദ കണ്ടവനം ടൂറിസം പദ്ധതിയുടെ സ്ഥിതി എന്തായെന്ന് അന്വേഷിക്കണം. അവിടെ വെറും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മാത്രമായി.അന്ന് വളപട്ടണം പദ്ധതിയെ തടഞ്ഞവര്‍ ഇന്ന് അവിടെപ്പോയി കണ്ടല്‍വനങ്ങള്‍ വെട്ടിയത് കാണണം.
മെട്രോ റെയില്‍ പാത തൃശൂരിലേക്ക് മെട്രോ നീട്ടുന്നത് അനിവാര്യമല്ലെന്ന് പറഞ്ഞാല്‍ പിന്‍മാറാം. നാഗപട്ടണം, വേളാങ്കണ്ണി, ദിണ്ടിഗല്‍ ക്ഷേത്രം,ഭരണങ്ങാനം, മംഗളാദേവി, മലയാറ്റൂര്‍, കാലടി, കൊടുങ്ങല്ലൂര്‍, പാലയൂര്‍, തൃശൂര്‍ ലൂര്‍ദ് പള്ളി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ആത്മീയ ടൂറിസം പദ്ധതി നടപ്പിലാക്കും. ഇതില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കും. മട്ടാഞ്ചേരി ജൂതപ്പള്ളിയും നവീകരിക്കും.
പ്രസ് ക്ലബ് പ്രസിഡണ്ട് ഒ.രാധിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോള്‍ മാത്യു സ്വാഗതവും, വൈസ് പ്രസിഡണ്ട് അരുണ്‍ എഴുത്തച്ഛന്‍ നന്ദിയും പറഞ്ഞു.