തൃശൂര്‍: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി ഇടതുമുന്നണിയിലുണ്ടായ പൊട്ടിത്തെറി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്ക. 28ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തൃശൂരിന്റെ സ്വപ്‌നപദ്ധതിയായ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. പാര്‍ക്കിന്റെ ഉദ്ഘാടനച്ചടങ്ങിനെ സംബന്ധിച്ച് ഇന്നലെ പുത്തൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി കെ.രാജന്‍ പങ്കെടുത്തില്ല. മന്ത്രി തന്നെയാണ് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു പിന്‍മാറ്റം. ഏറെ വൈകി സംഘാടകരായ ഉദ്യോഗസ്ഥരാണ് വാര്‍ത്താസമ്മേളനം നടത്തിയത്. മന്ത്രി അവസാനനിമിഷം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. മന്ത്രി എത്തില്ലെന്ന അറിയിപ്പും വന്നില്ല. മന്ത്രിയുടെ പ്രതികരണമില്ലാതെ നിരാശരായാണ് മാധ്യമപ്രവര്‍ത്തകര്‍ മടങ്ങിയത്. ഓണ്‍ലൈനില്‍ സിപിഐ സെക്രട്ടേറിയറ്റ്് ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം മന്ത്രി എത്തുമെന്ന് സംഘാടകരും അറിയിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന്് മന്ത്രി രാജന്‍ വിട്ടുനിന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
28-ലെ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി കെ.രാജന്‍ പങ്കെടുക്കുന്ന കാര്യവും ഇതോടെ സംശയത്തിന്റെ നിഴലിലായി. 27ന നടക്കുന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം നിര്‍ണായകമാണ്. മന്ത്രിസഭയില്‍ നിന്ന്് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കണമോയെന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും. പിഎം ശ്രീ പദ്ധതിയില്‍ സമവായത്തിന് സിപിഎം നേതൃത്വം കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മന്ത്രിസഭായോഗത്തെ അറിയിക്കാതെ, മന്ത്രിമാരെ വിശ്വാസത്തിലെടുക്കാതെ പദ്ധതിയില്‍ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നും, കടുത്ത തീരുമാനം വേണമെന്നുമുള്ള നിലപാടിലാണ് സിപിഐയിലെ നല്ലൊരു വിഭാഗം നേതാക്കളും.
മന്ത്രിസഭാ യോഗത്തിലും, മുഖ്യമന്ത്രിയടക്കം പങ്കെടുക്കുന്ന ചടങ്ങുകളിലും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചാല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനത്തില്‍ മന്ത്രി കെ.രാജന്‍ പങ്കെടുക്കാനിടയില്ല. സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതിന് തുടക്കം മുതല്‍ മുന്നിട്ട് നിന്ന്്് പ്രവര്‍ത്തിച്ചത്് പുത്തൂര്‍ ഉള്‍പ്പെടുന്ന ഒല്ലൂര്‍ മണ്ഡലത്തിലെ എംഎല്‍എകൂടിയായ മന്ത്രി കെ.രാജനാണ്. 2016-ല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കിഫ്ബി വഴിയാണ് പാര്‍ക്കിന് വഴിതെളിഞ്ഞത്. കിഫ്ബി അനുവദിച്ച 331 കോടിയും, പ്ലാന്‍ ഫണ്ടിലെ 40 കോടിയും ചേർത്ത് 371 കോടി രൂപ ഉപയോഗിച്ചാണ് 338 ഏക്കറില്‍ ഏഷ്യയിലെ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം ത്വരിതഗതിയിലായത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പെറ്റിംഗ് സൂ, പുത്തന്‍ സാങ്കേതിക വിദ്യയോടെ ഹോളോഗ്രാം സൂ എന്നിവയുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. സുവോളജിക്കല്‍ പാര്‍ക്കിന്റെ സ്‌പെഷല്‍ ഓഫീസര്‍ കെ.ജെ.വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം അതിവേഗത്തിലായത്.
സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം, വാര്‍ത്താസമ്മേളനത്തിന് മന്ത്രി കെ.രാജന്‍ എത്തിയില്ല















