സ്‌നേഹവിരുന്നായി തൃശൂര്‍ പ്രസ് ക്ലബിന്റെ ഇഫ്താര്‍സംഗമം
തൃശൂര്‍: മതനിരപേക്ഷതയുടെ ഉത്സവമാണ് ഇഫ്താര്‍സംഗമമെന്ന് മന്ത്രി കെ.രാജന്‍ . തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ഇഫ്താര്‍സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലും വര്‍ഗീയതയുടെ കടന്നുകയറ്റമുണ്ട്. മതസ്പര്‍ദ്ധ കൂടി വരികയാണ്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മതാതീതമായ കൂടിച്ചേരലുകള്‍ വേണം. എല്ലാ മതവിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന ഇഫ്താര്‍ വിരുന്ന് പോലെയുള്ള സ്‌നേഹസംഗമങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരരാഷ്ട്രീയത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് കേരള മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസല്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇഫ്താര്‍ സംഗമത്തില്‍ ഇഫ്താര്‍സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മതവിശ്വാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും, മതങ്ങള്‍ തമ്മില്‍ മത്സരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരില്‍ മതങ്ങളെ വേര്‍തിരിക്കരുത്.
അടുത്ത് താമസിക്കുന്നവരുടെ മനസ്സുകള്‍ ബഹുദൂരം അകലത്തിലാണ്. കൂടിച്ചേരലുകള്‍ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വ്യത്യസ്ത മേഖലകളിലുള്ളവര്‍ ഒന്നിക്കുന്ന പൊതു ഇടങ്ങളാണ് തൃശൂരിന്റെ സവിശേഷതയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.പ്രിന്‍സ് പറഞ്ഞു. മതനിരപേക്ഷ മനസ്സ് നഷ്ടമാകുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡണ്ട് ഒ .രാധിക അധ്യക്ഷത വഹിച്ചു.
പ്രസ് ക്ലബ് ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ടി.എന്‍.പ്രതാപന്‍ എം.പി, കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എം.കെ.കണ്ണന്‍, സ്വാമി നന്ദാത്മജാനന്ദ, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, ചേംബര്‍ ഓഫ് കോമേഴ്‌സ് ജില്ലാ പ്രസിഡണ്ട് ജിജി ജോര്‍ജ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം.വി.വിനീത, ജില്ലാ സെക്രട്ടറി പോള്‍ മാത്യു, ട്രഷറര്‍ കെ.ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.