തൃശൂര്‍: പൂരങ്ങളുടെ നാട്ടിലെ റോഡ് ഷോയില്‍ തലയെടുപ്പുള്ള കൊമ്പനെപ്പോലെ തിളങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചയോടെ തൃശൂര്‍ പൂരത്തിനെന്ന പോലെയായിരുന്നു റൗണ്ടിലേക്ക് ജനപ്രവാഹം. പുഷ്പാലംകൃതമായ ഓറഞ്ച് നിറത്തിലുള്ള വാഹനത്തിലായിരുന്നു മോദിയുടെ റോഡ് ഷോ. തിരമാല കണക്കേ ജനങ്ങള്‍ ഇരമ്പിയെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലഞ്ഞു. ജനത്തിരക്കില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ മാറ്റി.
ജില്ലാ ആശുപത്രി ജംഗ്ഷന്‍ മുതല്‍ സ്വരാജ് റൗണ്ടിലും ഇരുവശത്തും കാത്തുനിന്ന ജനം ഹര്‍ഷാരവങ്ങളോടെ മോദിയെ വരവേറ്റു. പൂമഴയ്ക്കിടയിലൂടെയായിരുന്നു റോഡ് ഷോ. വാഹനത്തില്‍ മോദിക്കൊപ്പം ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍, സുരേഷ് ഗോപി, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.നിവേദിത എന്നിവരും അനുഗമിച്ചു.