തൃശൂര്‍: ജൂലായ് അവസാനവാരത്തില്‍ രണ്ട് ദിവസങ്ങളിലായി പെയ്ത മഴയില്‍ ജില്ലയിലുണ്ടായ വെള്ളക്കെട്ടില്‍ 43 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന്്് കളക്ടര്‍ അര്ജുന് പാണ്ഡ്യന് പറഞ്ഞു. പതിനായിരത്തോളം വീടുകള്‍ക്ക് നാശമുണ്ടായി. ഇരുപതിനായിരത്തിലധികം ആളുകളാണ് ക്യാമ്പുകളിലും,ബന്ധുവീടുകളിലുമായി കഴിഞ്ഞത്.
നാശനഷ്ടങ്ങള്‍ കണക്കാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും, ദുരിതബാധിതര്‍ക്ക്് നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ തലത്തിലാണെന്നും അദ്ദേഹം അറിയിച്ചു. കളക്ടറായി ചുമതലയേറ്റ ശേഷം ആദ്യമായി മീറ്റ് ദ പ്രസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ യെല്ലോ അലര്‍ട്ടായതിനാല്‍ കൂടുതല്‍ ജാഗ്രത ഉണ്ടായില്ല. പീച്ചി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടതിനെക്കുറിച്ച് സബ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിച്ചിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നു. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട്് നല്‍കുന്നതിന് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണുന്നതിന് നടപടിയുണ്ടാകും.
തകര്‍ന്നു കിടക്കുന്നു തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയുടെ അറ്റകുറ്റപണികള്‍ എത്രയും പെട്ടെന്ന് തീര്‍ക്കാന്‍ കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്്. മഴ മാറി നിന്നാല്‍ അറ്റകുറ്റപണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
മണ്ണിടിച്ചിലുണ്ടായ വടക്കാഞ്ചേരി അകമലയില്‍ സ്ഥലത്ത് വിവിധ സമിതികള്‍ നിരവധി പരിശോധനകള്‍ നടത്തിയിട്ടുണ്ട് എന്നും രണ്ടു കുടുംബങ്ങളെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം നിലവില്‍ ഉണ്ട് എന്നും അവര്‍ക്ക് ആവശ്യമുള്ള താമസ സ്ഥലം കണ്ടെത്താന്‍ ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മറ്റ് കുടുംബങ്ങള്‍ വലിയ മഴ ഭീഷണി ഉണ്ടാകുന്ന സമയത്ത് മാത്രം ക്യാമ്പിലേക്ക് മാറിയാല്‍ മതിയെന്നും കളക്ടര്‍ പറഞ്ഞു.
തൃശ്ശൂരിന്റെ ടൂറിസം മേഖലകളെ കോര്‍ത്തിണക്കി കൊണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും. വ്യക്തിപരമായി ട്രക്കിങ് ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും, എവറസ്റ്റ് കീഴടക്കുക എന്നതാണ് സ്വപ്നമെന്നും ഇടുക്കി ഏലപ്പാറ സ്വദേശിയും പര്വ്വതാരോഹനും കൂടിയായ അര്ജുന് പാണ്ഡ്യന് ഐ.എ.എസ് കൂട്ടിച്ചേര്‍ത്തു.
മുന്‍പ് കിളിമഞ്ചാരോ പര്‍വ്വതനിരകളില്‍ പോയപ്പോഴുണ്ടായ അനുഭവവും അര്ജുന് പാണ്ഡ്യന് ഐ.എ.എസ് പങ്കുവെച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി കുമ്മാട്ടിക്കളി നടത്തുന്നതിന് തടസ്സമില്ലെന്നും അനുമതി വേണ്ടെന്നും അദ്ദേഹം അറിയിച്ചു.