ന്യൂഡല്‍ഹി: കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം അധികാരത്തിലേക്ക്്. എന്‍.ഡി.എ 290 സീറ്റിലാണ് മൂന്നില്‍. ഇന്ത്യ മുന്നണി 235 സീറ്റിലും മറ്റുള്ളവര്‍ 18 സീറ്റിലും മുന്നിലാണ്.
543 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
മൂന്നാം വട്ടവും എന്‍ഡിഎയ്ക്ക് തുടര്‍ഭരണം നല്‍കിയ ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ജനങ്ങള്‍ എന്‍.ഡി.എയില്‍ മൂന്നാം വട്ടവും വിശ്വാസം അര്‍പ്പിച്ചു. ഇതൊരു ചരിത്രനേട്ടമാണ്. കഴിഞ്ഞ പത്തുവര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പു നല്‍കുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്കും നന്ദി” – മോദി എക്‌സില്‍ കുറിച്ചു.
അതേസമയം, മൂന്നാം വട്ടവും ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍നിന്നു വിജയിച്ച നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞു. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആയിരുന്നു മോദിയുടെ എതിരാളി. ഇത്തവണ 1,52,513 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് മോദിക്ക് ലഭിച്ചത്.
2014-ല്‍ 3,71,784 വോട്ടുകളും (പോള്‍ ചെയ്തവയില്‍ 36.14% വോട്ടുകള്‍) 2019-ല്‍ 4,79,505 വോട്ടുകളുമാണ് (പോള്‍ ചെയ്തവയില്‍ 45.2% വോട്ടുകള്‍) ആണ് ലഭിച്ചത്. വാരാണസിയില്‍ നോട്ടയ്ക്ക് 8257 വോട്ടുകളും ലഭിച്ചു.
ഉത്തര്‍പ്രദേശും, രാജസ്ഥാനും ഉള്‍പ്പെടുന്ന ഹിന്ദി ഹൃദയഭൂമിയില്‍ തിളങ്ങാന്‍ കഴിയാതിരുന്നതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. മഹാരാഷ്ട്രയിലും തിരിച്ചടി നേരിട്ടു. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ കരുത്തില്‍ ബി.ജെ.പിക്ക് അടിപതറി. പഞ്ചാബിലും ബി.ജെ.പിക്ക് വീഴ്ച പറ്റി.
ഈയാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ബി.ജെ.പിയുടെ നീക്കം. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കാണും.