കൊച്ചി: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്ഷേപിച്ച് സി.പിഎം നെന്മാറ എം.എല്‍.എ കെ.ബാബു. ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ നെന്മാറയില്‍ സംഘടിപ്പിച്ച യോഗത്തിലാണ് അസഭ്യമായ വാക്കുകളുപയോഗിച്ച് എം.എല്‍.എ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ അധിക്ഷേപിച്ചത്.
കോണ്‍ഗ്രസ് പ്രതിഷേധങ്ങളില്‍ ആളുകള്‍ തീരെ കുറവാണെന്നും മുന്‍പന്തിയില്‍ പോലീസ് ബാരിക്കേഡില്‍ കയറാന്‍ രണ്ട് സ്ത്രീകള്‍ കാണുമെന്നും, ബാരിക്കേഡില്‍ കയറാന്‍ സാധിച്ചില്ലെങ്കില്‍ പിന്നില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരെ സഹായിക്കുമെന്ന്് അര്‍ത്ഥം വരുന്ന രീതിയിലാണ് കെ.ബാബു വിവാദ പ്രസംഗം നടത്തിയത്.
താന്‍ ഉപയോഗിച്ച വാക്കുകള്‍ നാടന്‍ രീതിയിലുള്ളതാണെന്നും അതില്‍ അധിക്ഷേപകരമായി ഒന്നുമില്ലെന്നാണ് കെ.ബാബു മാധ്യമങ്ങളോട് പറഞ്ഞത്. ബാരിക്കേഡില്‍ കയറാന്‍ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ പുരുഷന്‍മാരായ പ്രവര്‍ത്തകര്‍ സഹായിക്കുന്നതിനെ സംബന്ധിച്ച് രണ്ട് ദിവസം മുന്‍പ് തന്നെ സി.പി.എം സൈബര്‍ ഇടങ്ങളില്‍ വന്‍ രീതിയില്‍ ആക്ഷേപകരമായ പ്രചാരണം തുടങ്ങിയിരുന്നു. അതേ രീതിയില്‍ തന്നെയായിരുന്നു എം.എല്‍.എയുടെ സ്ത്രീവിരുദ്ധ പ്രസംഗം.