തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ 72 മണിക്കൂര്‍ സമ്പൂര്‍ണ പണിമുടക്ക്. 11,12,13 തീയതികളിലാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ സമ്പൂര്‍ണ പണിമുടക്ക് നടത്തുക. പണിമുടക്കിന്റെ ഭാഗമായി രോഗികളെ മാറ്റിത്തുടങ്ങി. രോഗികളെ അയല്‍ജില്ലകളിലെ ആശുപത്രികളിലേക്കാണ് മാറ്റുന്നത്. വെന്റിലേറ്റര്‍, ഐ.സി.യു രോഗികളെയാണ് മാറ്റുന്നത്. ജില്ലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിക്കും. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ശമ്പളപരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. പ്രതിദിനവേതനം 1,500 രൂപയെങ്കിലുമാക്കുക, കോണ്‍ട്രാക്ട്, ഡെയ്ലി വെയ്ജസ് നിയമനങ്ങള്‍ അവസാനിപ്പിക്കുക, ലേബര്‍ നിയമങ്ങള്‍ നടപ്പിലാക്കുക, ശമ്പള വര്‍ധനവ് വരുന്നത് വരെ അടുത്ത മാസം മുതല്‍ ശമ്പളത്തിന്റെ അമ്പത് ശതമാനമെങ്കിലും ഇടക്കാലാശ്വാസം നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അന്‍പത് ശതമാനം ഇടക്കാലാശ്വാസം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമ്പൂര്‍ണ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും. പ്രശ്നപരിഹാരമായില്ലെങ്കില്‍ മെയ് 1 മുതല്‍ സംസ്ഥാനമൊട്ടാകെ അനിശ്ചിതകാല പണിമുടക്ക് നടത്തും.നാളെ കളക്ടറേറ്റ് മാര്‍ച്ച് നടത്തും. കളക്ടറേറ്റ് മാര്‍ച്ച് ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ ഉദ്ഘാടനം ചെയ്യും. നാളെ മുതല്‍ 3 ദിവസവും കളക്ടറേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും.