ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്്, പലരുടെയും നില ഗുരുതരം. മരണം 280
കൊച്ചി: രാജ്യത്തെ നടുക്കിയ ഒഡീഷയിലെ വന്‍ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിംഗിലെ പാളിച്ചയെന്ന് സൂചന. ഇന്നലെ രാത്രി ഏഴരയോടെ ഒഡീഷയിലെ ബാലസോറിലാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്.. ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇതുവരെ 280 പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗുഡ്‌സ് ട്രെയിനുമായി കോറമണ്ഡല്‍ എക്‌സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയവയില്‍ പത്ത് ബോഗികളാണ് അപകടത്തില്‍ പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.
മൂന്ന് ട്രെയിനുകളായിരുന്നു അപകടത്തില്‍ പെട്ടത്. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു. തുടര്‍ന്ന് കോറണ്ഡല്‍ എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പാളം തെറ്റുകയും, ബോഗികളിലേക്ക് യശ്വന്ത്പൂര്‍-ഹൌറ ട്രെയിന്‍ ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒഡീഷയിലെ യശ്വന്ത്പൂര്‍-ഹൌറ എക്‌സ്‌പ്രെസിന്റെ നാല് ബോഗികളും പാളംതെറ്റുകയായിരുന്നു.
അപകടത്തില്‍ പെട്ട എസ്.എം.വി.ടി – ഹൗറ എക്‌സ്പ്രസില്‍ ബെംഗളുരുവില്‍ നിന്ന് കയറിയത് 994 റിസര്‍വ് ചെയ്ത യാത്രക്കാരാണെന്ന് റെയില്‍വെ അറിയിച്ചു. 300 പേര്‍ റിസര്‍വ് ചെയ്യാതെയും കയറിയതായാണ് അനുമാനം. റിസര്‍വ് ചെയ്ത യാത്രക്കാരുടെ വിവരങ്ങള്‍ എല്ലാം എടുത്തതായും ഇവ ആശുപത്രിയില്‍ ഉള്ളവരുടെ വിവരങ്ങളുമായി ഒത്തു നോക്കുകയാണ്. എസ്.എം.വി.ടി – ഹൗറ എക്‌സ്പ്രസിന്റെ പിന്‍വശത്തുള്ള ജനറല്‍ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകള്‍ പറ്റിയിരിക്കുന്നത്. പിന്നില്‍ ഉള്ള ഒരു ജനറല്‍ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വണ്‍ മുതല്‍ എഞ്ചിന്‍ വരെയുള്ള കോച്ചുകളില്‍ വലിയ കേടുപാടുകള്‍ ഇല്ലെന്നും റെയില്‍വെ അറിയിച്ചു. അതേസമയം റിസര്‍വ് ചെയ്യാത്ത യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ ബുദ്ധിമുട്ടാണെന്നും റെയില്‍വെ വ്യക്തമാക്കി.
പരിക്കേറ്റവരില്‍ നാല് തൃശ്ശൂര്‍ സ്വദേശികളും
അന്തിക്കാട്: ഒഡിഷയിലെ തീവണ്ടിയപകടത്തില്‍ അന്തിക്കാട് സ്വദേശികളായ നാലുപേര്‍ക്ക് പരിക്കേറ്റു. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്, ലിജീഷ് എന്നിവര്‍ക്കാണ് നിസ്സാര പരിക്കേറ്റത്. ഒരാളുടെ പല്ലുകള്‍ തകര്‍ന്നു, മറ്റൊരാള്‍ക്ക് കൈയ്ക്കും പരിക്കുണ്ട്. അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടുകാരുടെ സഹായത്തോടെ ഇവര്‍ നാട്ടിലെ കരാറുകാരനുമായി ബന്ധപ്പെട്ടു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൊല്‍ക്കത്തയില്‍ ഒരു ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടൈല്‍സ് ജോലികള്‍ക്ക് പോയി മടങ്ങുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലുപേര്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു.