കൊച്ചി: സംസ്ഥാനമായ കർണാടകയിൽ അതിതീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് കേരളത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനം മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തിക്കും. ഉയർന്ന റിസ്‌ക് രാജ്യങ്ങളിൽ നിന്നുവരുന്നവർക്ക് പരിശോധനകൾ നിർബന്ധമാണ്. കേന്ദ്ര മാർഗനിർദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഏഴു ദിവസം ക്വാറന്റൈനും ഏഴു ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ രണ്ട് ശതമാനം പേരെ പരിശോധിക്കും. അവരിൽ നെഗറ്റീവാകുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പോസീറ്റീവായാൽ ആശുപത്രിയിൽ പ്രത്യേകം തയാറാക്കിയ വാർഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിൻ എടുക്കുകയാണ് പ്രധാന പ്രതിരോധം. അതുപോലെ അടിസ്ഥാന സുരക്ഷാ മാർഗങ്ങളും പിന്തുടരണം. റിസ്‌ക് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് വന്നവരുടെ ജനിതക ശ്രേണീകരണ പരിശോധനയിൽ ഇതുവരെ ഒമിക്രോൺ കണ്ടെത്തിയിട്ടില്ല. വിമാനത്താവളങ്ങളിൽ സജ്ജമായുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘം യാത്രക്കാർക്ക് എല്ലാ സഹായവും നൽകും. ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വലിയ വ്യാപന ശേഷിയുള്ളതിനായതിനാൽ ഒമിക്രോൺ ബാധിച്ചാൽ കൂടുതൽ പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നേക്കും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ നമുക്ക് കരുതലുണ്ടാകണം. സംസ്ഥാനം എല്ലായിപ്പോഴും രോഗവ്യാപനം അതിവേഗത്തിൽ കൂടുന്നത് തടയാനാണ് ശ്രമിച്ചത്.
Photo Credit: Facebook