തൃശൂര്‍: പാട്ടുരായ്ക്കല്‍ പറക്കോട്ടുലെയിനിലെ തറവാട്ടുവീട്ടിലിരുന്നായിരുന്നു അപര്‍ണയുടെ മാതാപിതാക്കളായ ബാലമുരളിയും, ശോഭയും മകളുടെ ദേശീയ പുരസ്‌കാര നേട്ടം ചാനലുകളിലൂടെ അറിഞ്ഞത്. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം അടുത്ത ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും നിരന്തരമായ അഭിനന്ദനം അറിയിച്ചുള്ള ഫോണ്‍ കോളുകള്‍ക്ക് നന്ദി അറിയിക്കുന്ന തിരക്കിലായിരുന്നു അപര്‍ണയുടെ മാതാപിതാക്കള്‍. പൊള്ളാച്ചിയില്‍ ഷൂട്ടിംഗിലായിരുന്ന മകള്‍ സന്തോഷം പങ്കിടാന്‍ ഒപ്പം ഇല്ലാത്തതിന്റെ ചെറിയ പരിഭവവുമായായിരുന്നു മാതാപിതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ വരവേറ്റത്.
മാധ്യമപ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയ വിവരമറിയിക്കാന്‍ ‘ഇനി ഉത്തരം’ സിനിമയുടെ സെറ്റിലുള്ള അപര്‍ണയുമായി അമ്മ ശോഭ വീഡിയോ കോളില്‍ സംസാരിച്ചു. വീഡികോളില്‍ വന്ന അപര്‍ണ മാധ്യമപ്രവര്‍ത്തകരുമായി സന്തോഷം പങ്കിടാനും മറന്നില്ല.
സ്‌കൂള്‍ -കോളേജ് തലത്തില്‍ പാട്ടിലും നൃത്തത്തിലും അപര്‍ണ പ്രതിഭ തെളിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ ന്യൂസ് കേരള ഡോട്ട് കോമിനോട് പറഞ്ഞു. എല്ലാ കലാമത്സരങ്ങളിലും മുടങ്ങാതെ പങ്കെടുത്തിരുന്നു. അന്നത്തെ പ്രയത്‌നങ്ങളുടെയെല്ലാം ഫലമാണ് ദേശീയ അവാര്‍ഡ് പുരസ്‌കാരമെന്നും അമ്മ ശോഭ പറഞ്ഞു. പഠനത്തോടൊപ്പം പഠനേതര വിഷയങ്ങളിലും മകള്‍ മികവ് പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു. 26ന് അപര്‍ണ തൃശൂരിലെ വീട്ടിലെത്തും.
സന്തോഷമെന്ന് അപര്‍ണാ ബാലമുരളി
ദേശീയ തലത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമെന്ന് നടി അപര്‍ണാ ബാലമുരളി പറഞ്ഞു സുരറൈ പോട്ര ‘ എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ച സുധ കൊങ്ങരക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നു തന്റെ മുത്തച്ഛനും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു . കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു മുത്തച്ഛന്റെ മരണമെന്നും അപര്‍ണ പറഞ്ഞു
പുരസ്‌കാരം സച്ചിക്ക് സമര്‍പ്പിക്കുന്നു: ബിജു മേനോന്‍
തനിക്ക് ലഭിച്ച പുരസ്‌കാരം അയ്യപ്പനും കോശിയും സംവിധാനം ചെയ്ത സച്ചിക്ക് സമര്‍പ്പിക്കുകയാണെന്ന് മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പട്ടു. മലയാള സിനിമ ലോക നിലവാരത്തിലേക്ക് ഉയരുകയാണെന്ന് ബിജു പറഞ്ഞു . സച്ചിയുടെ പ്രതിഭ തെളിയിച്ച സിനിമയായിരുന്നു അയ്യപ്പനും കോശിയും. ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. സച്ചിയോടുള്ള കടപ്പാട് പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. അകാലത്തിലെ സച്ചിയുടെ വേര്‍പാട് തീരാനഷ്ടമെന്നും ബിജു പറഞ്ഞു.