തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീഷിന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്ന് സതീഷന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് വീടിന് കാവല്‍ ഏര്‍പ്പെടുത്തിയത്.
മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തോട് ആവര്‍ത്തിക്കുമെന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്നും സതീഷ് പറഞ്ഞു. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ്, പ്രത്യേക അന്വേഷണസംഘ തലവനായിരുന്ന ഡിവൈ.എസ്.പി. വി.കെ. രാജു എന്നിവരില്‍നിന്ന് മൊഴിയെടുത്തിട്ടുണ്ട്. ബി.ജെ.പി. നേതാക്കളുടെ സമ്മര്‍ദം കാരണം വ്യാജമൊഴിയാണ് മുന്‍പ് നല്‍കിയിരുന്നതെന്നും ആറു ചാക്കുകളിലാക്കി മൂന്നരക്കോടി രൂപ തൃശൂരിലെ ഓഫീസില്‍ എത്തിച്ചെന്നുമാണ് പുതിയ മൊഴി.
ഇന്നലെ വൈകിട്ടാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ സതീഷിനെ നേരില്‍കണ്ട് വിവരങ്ങള്‍ തേടിയത്. ചാക്കുകളില്‍ പാര്‍ട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീഷ് മുമ്പ് മൊഴി നല്‍കിയത്. ഈ മൊഴി കോടതിയില്‍ തിരുത്തി സത്യം പറയാന്‍ ഇരിക്കുകയായിരുന്നു എന്നും ഇന്നലെ വൈകീട്ട് സതീഷ് അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി. ഇതുള്‍പ്പെടുത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തിങ്കളാഴ്ച കോടതിയുടെ അനുമതി തേടും.
സതീഷന്റെ വെളിപ്പെടുത്തല്‍ ബി.ജെ.പി. നേതൃത്വം നിഷേധിച്ചിട്ടുണ്ടെങ്കിലും അത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആദ്യം നടന്ന അന്വേഷണത്തില്‍ താന്‍ മറുപടി പറഞ്ഞത് ഓഫീസില്‍നിന്ന് പറഞ്ഞു തന്ന പ്രകാരമായിരുന്നു.
ജില്ലാ പ്രസിഡന്റാണ് പൊലീസിന് മുന്നില്‍ പറയേണ്ട മൊഴി പഠിപ്പിച്ചു തന്നതെന്നും തിരൂര്‍ സതീഷ് പറഞ്ഞു.
ഇലക്ഷന് മെറ്റീരിയല്‍ ആണ് എത്തിച്ചതെന്ന് പറയാനായിരുന്നു ജില്ലാ പ്രസിഡന്റ് പറഞ്ഞത്. അങ്ങിനെത്തന്നെയാണ് അന്നും മൊഴിയില്‍ പറഞ്ഞിരുന്നത്. താന്‍ പറയുന്ന കാര്യങ്ങളെല്ലാം നേരില്‍ കണ്ടതാണ്, അത് വെളിപ്പെടുത്തുന്നത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ല. ഓഫീസില്‍ എത്തിച്ച പണം പിന്നീട് ഇവിടെ നിന്ന് എടുത്തുകൊണ്ടുപോയിട്ടില്ല. കൊടകര മോഷണത്തിലെ പ്രതി തന്നെയാണ് ഇവിടെയും പണം കൊണ്ടുവന്നിട്ടുള്ളത്. അപ്പോഴാണ് മനസിലായത് കൊണ്ടുവന്നത് ഇലക്ഷന് മെറ്റീരിയല്‍ അല്ല പണമായിരുന്നുവെന്ന്. കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ട്രഷററും പ്രസിഡന്റും പറഞ്ഞിരുന്നു. അതനുസരിച്ചാണ് അവ സുരക്ഷിതമാക്കി വെച്ചതെന്നും തിരൂര്‍ സതീഷ് പറയുന്നു.
പഴയ നടക്കാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ചാക്കുകെട്ടുകളില്‍ കോഴിക്കോട് സ്വദേശി ധര്‍മ്മരാജനാണ് പണം കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് മെറ്റീരിയല്‍ എന്ന പേരിലാണ് പണം എത്തിച്ചത് എന്നുമാണ് സതീഷന്റെ വെളിപ്പെടുത്തല്‍. പണം എത്തിക്കുന്നതിനു മുന്നോടിയായി ധര്മ്മരാജന് ഓഫീസില്‍ എത്തി. ഈ സമയം ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും ഓഫീസില്‍ ഉണ്ടായിരുന്നുവെന്നും ഇരുവരുമായി ധര്മ്മരാജന് സംസാരിച്ചുവെന്നും സതീഷ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി മെറ്റീരിയല്‍ എത്തിക്കുന്ന വ്യക്തിയാണ് ധര്‍മ്മരാജനെന്ന് പറഞ്ഞ് നേതാക്കള്‍ സതീഷിനെ പരിചയപ്പെടുത്തി. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പ് ആവശ്യത്തിനായി പണം എത്തിച്ചത് എന്നുമാണ് സതീഷ് പറഞ്ഞത്.