വടക്കാഞ്ചേരി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി. രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് ചേലക്കരയില്‍ 45 ശതമാനമാണ് പോളിംഗ്. വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്. ചില ബൂത്തുകളില്‍ തുടക്കത്തില്‍ വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട് ചെറിയ സാങ്കേതിക തടസങ്ങളുണ്ടായി. പിന്നീട് പരിഹരിച്ച് പോളിംഗ് തുടങ്ങി . ചേലക്കര നിയമസഭാ മണ്ഡലത്തില്‍ 2.13 ലക്ഷം വോട്ടര്‍മാര്‍ക്കായി 180 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. റിസര്‍വ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുള്‍പ്പടെ ആകെ 236 ഇ.വി.എമ്മുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
യു.ഡി.എഫിനായി രമ്യ ഹരിദാസും, എല്‍.ഡി.എഫിനായി യു.ആര്‍.പ്രദീപും, എന്‍.ഡി.എക്കായി കെ.ബാലകൃഷ്ണനും ഉള്‍പ്പടെ ആറു പേരാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനു മണ്ഡലത്തില്‍ വോട്ടില്ല.
കൊണ്ടയൂര്‍ വിദ്യാസാഗര്‍ ഗുരുകുലം ആശ്രമം സ്‌കൂളിലെ 25-ാംനമ്പര്‍ ബൂത്തിലാണ് പ്രദീപിനു വോട്ട്. പാമ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 116-ാം നമ്പര്‍ ബൂത്തിലാണ് ബാലകൃഷ്ണനു വോട്ട്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതിലൂടെ ദേശീയശ്രദ്ധ ആകര്‍ഷിച്ച വയനാട്ടില്‍ 14,71,742 പേര്‍ക്കാണ് വോട്ടവകാശം. എല്‍.ഡി.എഫിലെ സത്യന്‍ മൊകേരി, എന്‍.ഡി.എയിലെ നവ്യ ഹരിദാസ് എന്നിവരാണ് പ്രിയങ്കയുടെ പ്രധാന എതിരാളികള്‍. ആകെ 16 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തില്‍ 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 1,354 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 11 ബൂത്തുകള്‍ പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്.
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയിലെ വോട്ടര്‍മാര്‍ക്കായി മൂന്ന് ബൂത്തുകള്‍ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താന്‍ സൗജന്യ വാഹന സര്‍വീസ് ഏര്‍പ്പെടുത്തി.