Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നവകേരളത്തിന് നങ്കൂരമിട്ടു : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ സന്നിഹിതരായി.
ഇന്നലെ  വൈകീട്ട് ഏഴേമുക്കാലോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, നഗരസഭാ മേയര്‍, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി നിരവധിപേരാണ് പാതയോരങ്ങളില്‍ തടിച്ചുകൂടിയത്.

പഹല്‍ഗാം ഭീകരാക്രമണമത്തിന്റെയും വ്യാജ ബോംബ് ഭീഷണികളുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് തലസ്ഥാനം. അതേസമയം വിഴിഞ്ഞം തുറമുഖത്തിനായി കരാര്‍ ഉണ്ടാക്കി തറക്കല്ലിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചു, പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടി പ്രതിപക്ഷം ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് വിവരം.

രാജ്യത്തിന്റെ വ്യാവസായികചരിത്രത്തില്‍ മുന്‍പന്തിയില്‍ ഇടംപിടിക്കാനൊരുങ്ങുന്ന വമ്പന്‍ വികസനപദ്ധതികളിലൊന്നാണ് വിഴിഞ്ഞം തുറമുഖം. പ്രവര്‍ത്തനസജ്ജമായി നാലുമാസത്തിനുള്ളില്‍ത്തന്നെ ദക്ഷിണേഷ്യയിലെ മുന്‍നിര തുറമുഖങ്ങളോടു കിടപിടിക്കുന്ന പ്രകടനമാണ് വിഴിഞ്ഞത്തിന്റേത്. കഴിഞ്ഞ ജൂലായിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ ആരംഭിച്ചത്. തുറമുഖത്തെത്തിയ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്തത്. ഡിസംബറില്‍ തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനവും തുടങ്ങി. ഇക്കാലയളവില്‍ ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളില്‍ ചിലത് വിഴിഞ്ഞത്തെത്തി.

ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡുമായി (വിസില്‍) ചേര്‍ന്ന് അദാനി ഗ്രൂപ്പിനാണ് തുറമുഖത്തിന്റെ നിര്‍മാണത്തിന്റെയും നടത്തിപ്പിന്റെയും ചുമതല. തുറമുഖത്തിന്റെ ഭാഗമായി റെയില്‍, റോഡ് കണക്ടിവിറ്റി പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ കടല്‍വഴി ഏറ്റവും കൂടുതല്‍ ചരക്കുനീക്കം നടക്കുന്ന അന്തര്‍ദേശീയ കപ്പല്‍പ്പാതയുടെ 10 നോട്ടിക്കല്‍ മൈല്‍ അടുത്ത് സ്ഥിതിചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് 20 മീറ്റര്‍ സ്വഭാവിക ആഴവുമുണ്ട്. 2015-ന് ഓഗസ്റ്റ് 17-നാണ് വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനു കരാര്‍ ഒപ്പിട്ടത്. ഡിസംബര്‍ 5-ന് തറക്കല്ലിട്ട് നിര്‍മാണവും തുടങ്ങി. അഞ്ചുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 2024-ല്‍ പദ്ധതി പൂര്‍ത്തിയായി. 10000 കോടി നിക്ഷേപം വേണ്ടിവരുന്ന തുറമുഖത്തിന്റെ രണ്ടുംമൂന്നുംഘട്ട നിര്‍മാണവും അദാനി ഗ്രൂപ്പ് തുടങ്ങിക്കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *