തൃശൂര്‍: കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയസാഹിത്യോത്സവത്തില്‍ നിന്ന് ഷിജുഖാനെ ഒഴിവാക്കുകയും, പരിപാടി റദ്ദാക്കുകയും ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഡിവൈഎഫ്ഐ നേതാവാണ് ഷിജുഖാന്‍.
ഷിജുഖാന്റേത് ഉള്‍പ്പെടെയുള്ള വ്യത്യസ്ത ശബ്ദങ്ങള്‍ നിശബ്ദമാക്കാനുള്ള ചിലരുടെ ഗൂഢാലോചനയും ഫ്യൂഡല്‍ ചിന്താഗതിയുമാണ് ഇതിന് പിന്നിലെന്ന ആരോപണങ്ങള്‍ ശക്തമായിട്ടുണ്ട്്. . ആരെ പേടിച്ചാണ് ഷിജുഖാനെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കണം. സ്ഥാപിത താത്പര്യക്കൂട്ടങ്ങളുടെ ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഷിജു ഖാനെ പിന്തുണയ്ക്കുന്നവര്‍ ഫേയ്്്്‌സ്ബുക്കില്‍ കുറിച്ചു.
ഷിജുഖാന്‍ ശിശുക്ഷേമ സമിതിയുടെ ചുമതലയിലിരിക്കേ ദത്ത് വിവാദത്തില്‍ സ്വീകരിച്ച നിലപാടിന്റെ പേരിലാണ് അദ്ദേഹത്തെ സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. ഷിജു ഖാന്‍ സംസാരിച്ചാല്‍ ദത്തുവിവാദത്തില്‍ ഉള്‍പ്പെട്ട അനുപമ ഉള്‍പ്പെടെ പ്രതിഷേധിക്കുമെന്ന് ഭയന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് വിവരം. ദത്ത് വിവാദത്തില്‍ ഷിജുഖാന്‍ സ്വീകരിച്ച നിലപാട് അടക്കം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ അദ്ദേഹത്തിന്റെ വിവിധ പദവികളിലെ പ്രവര്‍ത്തനങ്ങളും നിലപാടുകളും മികച്ചതായിരുന്നുവെന്ന് അഭിപ്രായപ്പെടുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം.