തൃശൂര്‍: തേക്കിന്‍കാട് മൈതാനത്തെ തെക്കേഗോപുരനടയില്‍ ഗുണ്ടാപാര്‍ട്ടിക്കായി എത്തിയവരെ പോലീസ് പിടികൂടി. ഇന്നലെ ഉച്ചതിരിഞ്ഞ് നാല് മണിക്കാണ് സംഭവം. ഗുണ്ടാ നേതാവ് തീക്കാറ്റ് സാജന്റെ പിറന്നാള്‍ ആഘോഷത്തിന് കേക്കു മുറിക്കാനാണ് ഗുണ്ടാസംഘാംഗങ്ങളായ 32 പേര്‍ എത്തിയത്. ഇതില്‍ 17 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.
ഫഹദ് ഫാസില്‍ നായകനായ ‘ആവേശം’ സിനിമ മോഡലില്‍ പാര്‍ട്ടി നടത്താനായിരുന്നു നീക്കം. ഫഹദിനെ അനുകരിച്ച് രംഗണ്ണനെപ്പോലെ എത്താനായിരുന്നു ഗുണ്ടാനേതാവായിരുന്ന തീക്കാറ്റ് സാജന്‍ തീരുമാനിച്ചിരുന്നത്. നീക്കം മുന്‍കൂട്ടിയറിഞ്ഞ ഈസ്റ്റ് പോലീസ് 32 പേരെയും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത 17 പേരെ രക്ഷിതാക്കളെ വരുത്തിച്ച് വിട്ടയച്ചു.
പാലക്കാട്, തൃശൂര്‍ ജില്ലകളിലായി പതിനെട്ടോളം കേസുണ്ടായിരുന്ന സാജനെതിരെ 2 വര്‍ഷം മുന്‍പ് കാപ്പ ചുമത്തിയിരുന്നു. വിയ്യൂര്‍ ജയിലില്‍ ഗുണ്ടാ നേതാവ് കടവി രഞ്ജിത്തിന്റെ സംഘവുമായി തീക്കാറ്റ് സാജനും കൂട്ടാളികളും സ്ഥിരമായി ഏറ്റുമുട്ടിയിരുന്നു.
രണ്ട് മാസം മുന്‍പ് ഗുണ്ടാനേതാവ് അനൂപ് കുറ്റൂരില്‍ പാടത്ത്് വൈകീട്ട് പാര്‍ട്ടി നടത്തിയത് വൈറലായിരുന്നു.