കൊച്ചി: വയനാട് എം.പിയും, എ.ഐ.സി.സി നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുലിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള മാര്‍ച്ചിനിടയിലായിരുന്നു സംഘര്‍ഷം. ഉച്ചതിരിഞ്ഞ് കല്‍പ്പറ്റ കൈനാട്ടിയിലെ എം.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ നൂറ്റമ്പതോളം വരുന്ന എസ്.എഫ്.ഐക്കാര്‍ അക്രമാസക്തരാകുകയായിരുന്നു. ഓഫീസിനുള്ളിലെ ഫര്‍ണ്ണിച്ചറുകള്‍ അടക്കം തല്ലിത്തകര്‍ത്തു.
ഓഫീസിലുണ്ടായ രാഹുലിന്റെ പി.എ അഗസ്റ്റിന്‍ പുല്‍പ്പള്ളിക്ക് ക്രൂരമര്‍ദനമേറ്റു. കൂടുതല്‍ പോലീസ് എത്തിയ ശേഷമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
തൃശൂരിലടക്കം സംസ്ഥാനമാകെ യു.ഡി.എഫ് പ്രതിഷേധാഗ്നി, കോട്ടയത്ത് സംഘര്‍ഷം
രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത നടപടിയില്‍ സംസ്ഥാനമൊട്ടാകെ യു.ഡി.എഫ് പ്രതിഷേധം. പലസ്ഥലങ്ങളിലും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിരവധിയിടങ്ങളില്‍ സി.പി.എമ്മിന്റേയും മറ്റും ഫ്ളെക്സുകള്‍ കീറിനശിപ്പിച്ചു. കല്‍പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കല്‍പ്പറ്റയില്‍ എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി.
തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് തുടങ്ങിയിടങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നുണ്ട്. കൊച്ചിയില്‍ ടയര്‍ കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. അതേസമയം എ.കെ.ജി സെന്ററിലേക്ക് മാര്‍ച്ച് നടത്തുമെന്നതിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
കോട്ടയം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചില്‍ നിരവധി പേര്‍ക്ക് പരിക്ക്്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന്‍ ജോയിയുടെ മുഖത്ത് പരിക്കേറ്റു.
സി.പി.എമ്മിന്റേയും ഡി.വൈ.എഫ.്‌ഐയുടേയും ബോര്‍ഡുകളും ഫ്‌ളക്്്‌സുകളും തകര്‍ത്തു കൊണ്ട് വളരെ പ്രകോപനപരമായ രീതിയിലാണ് പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.
എന്നാല്‍ എസ്.എഫ്.ഐയുടെ ആക്രമണത്തെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തി. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
അക്രമം മോദിയെ പ്രീതിപ്പെടുത്താനെന്ന് വി.ഡി.സതീശന്‍
കല്‍പ്പറ്റയിലെ രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന്്് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. മോദിയെ പ്രീതിപ്പെടുത്താനാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച് സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് നീക്കം നടക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലാണ് എസ്.എഫ.്ഐ ആക്രമണം നടത്തിയത്. ആക്രമണത്തെ തള്ളിയ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയില്ല. ബഫര്‍ സോണുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാണ് സുപ്രിംകോടതി വിധിയിലേക്ക് നയിച്ചത്. ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എന്ത് പിഴച്ചെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഉന്നതനേതൃത്വത്തിൻ്റെ അറിവോടുകൂടിയെന്നു രമേശ് ചെന്നിത്തല
പോലീസ് നോക്കി നിൽക്കെയാണു സംഭവം അരങ്ങേറിയതെന്നത് വളരെ ഗൗരവമേറിയതാണ് .സി പി എം തീക്കൊള്ളികൊണ്ട് തല ചൊറിയരുത് .മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ കായികമായി നേരിട്ടത് ഇ.പി. ജയരാജനാണ്. എന്നിട്ട് പ്രർത്തകർക്കെതിരെ വധശ്രമത്തിനു കേസ് എടുത്ത സർക്കാരിന്റെ വാദം തള്ളിക്കൊണ്ടാണു കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രവർത്തകർക്ക് ജാമ്യം നൽകിയത്. ഇപ്പോൾ ആ നാണക്കേട് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ ഗുണ്ടകൾ അടിച്ച് തകർത്തത്. ഇതിനെല്ലാം സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്തേണ്ട പോലീസിലെ ഒരു വിഭാഗം കണ്ണടച്ചുകൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പാലക്കാട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി
കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ ഗുണ്ടകളുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് തത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി സമാപനയോഗം ഡിസിസി ഉപാധ്യക്ഷൻ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ക്. ഭുവൻദാസ് , ഡിസിസി ജനറൽ സെക്രട്ടറി കെ സി പ്രീത് ,ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ സദാനന്ദൻ , എ.രാജൻ ഷഫിക് മേട്ടുവളവ് സുന്ദരൻ വെള്ളപ്പൊന, ശ്രീനാഥ് ,അബ്ദുൽ ഹക്കീം, തമ്പിയപ്പാ , രാഹുൽ കൃഷ്ണ തുടങ്ങി യവർ സംസാരിച്ചു