വന മേഖലയ്ക്ക് ചുറ്റുമുള്ള ബഫർസോൺ സംബന്ധിച്ച് എസ് എഫ് ഐക്ക് പ്രതിഷേധിക്കേണ്ട കാര്യമില്ല. മറ്റ് ഇടത് സംഘടനകൾക്ക് പ്രതിഷേധം നടത്താമായിരുന്നു. എസ് എഫ് ഐക്ക് കൊട്ടേഷൻ നൽകി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് പറയുന്ന നാടകമാണ് സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും കളിക്കുന്നത്, വേണുഗോപാൽ പറഞ്ഞു
കൊച്ചി: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർന്നതിൽ പ്രതിഷേധിച്ച് ഇന്ന് കൽപറ്റയിൽ കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധമാർച്ച് നടക്കും.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.
രാഹുൽ ഗാന്ധിയുടെ സന്ദർശനം മുൻനിശ്ചയപ്രകാരമാണ്. മൂന്നുദിവസം രാഹുൽ വയനാട്ടിൽ ഉണ്ടാകും എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയെ തുടർന്ന് വെട്ടിലായ സിപിഎം, കേന്ദ്രത്തെ തൃപ്തിപ്പെടുത്തുവാൻ നടത്തിയ കലാപമാണ് രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് അടിച്ച് തകർക്കുന്നതിലേക്ക് നയിച്ചത് എന്ന് രാവിലെ കൽപ്പറ്റയിലെ എം പി ഓഫീസിലെത്തിയ വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിനെ എതിർക്കാൻ തങ്ങൾക്കൊപ്പം സി പി എമ്മും ഉണ്ട് എന്ന് കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തി സ്വർണ്ണക്കടത്ത് സംബന്ധിച്ച് അന്വേഷണങ്ങളിൽ നിന്ന് രക്ഷനേടുക എന്നതാണ് സി പി എമ്മിന്റെ ലക്ഷ്യം.
വന മേഖലയ്ക്ക് ചുറ്റുമുള്ള ബഫർസോൺ സംബന്ധിച്ച് എസ് എഫ് ഐക്ക് പ്രതിഷേധിക്കേണ്ട കാര്യമില്ല. മറ്റ് ഇടത് സംഘടനകൾക്ക് പ്രതിഷേധം നടത്താമായിരുന്നു.
എസ് എഫ് ഐക്ക് കൊട്ടേഷൻ നൽകി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് പറയുന്ന നാടകമാണ് സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും കളിക്കുന്നത്.
ഒരു ഡിവൈഎസ്പി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നിട്ട് പോലും ഒന്നര മണിക്കൂർ നേരം എം പി ഓഫീസിൽ കയറി ഫോട്ടോകളും ഫയലുകളും മറ്റും തച്ചുതകർക്കാൻ ഉന്നത തലത്തിലുള്ള ആസൂത്രണമില്ലാതെ സാധിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ബിജെപിയെ കേരളത്തിലെ സിപിഎം ഘടകകക്ഷി യാക്കി എടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.
ഇനി ഇരുപാർട്ടികളും തമ്മിൽ രഹസ്യമായ ധാരണകൾ വേണ്ട, എല്ലാം പരസ്യമായി തന്നെ നടത്താം. ഇ.ഡി ചോദ്യം ചെയ്യുന്ന ഈ അവസരത്തിൽ തന്നെ ഇത്തരത്തിൽ ഒരു അക്രമം കാണിച്ചത് കേന്ദ്ര സർക്കാരിൻറെ മമത സി.പി.എം മിന് പിടിച്ചുപറ്റാനാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ എത്തിയതാണ് എന്ന് വ്യാജ പ്രചാരണം നടത്തി നൂറുകണക്കിന് കോൺഗ്രസ് ഓഫീസുകൾ തീയിടുകയും ആക്രമിക്കുകയും ചെയ്തു. എന്നാൽ ആക്രമിക്കാൻ അല്ല എത്തിയത് എന്ന് കോടതിക്ക് തന്നെ ബോധ്യപ്പെട്ട് കൊലപാതകശ്രമം കുറ്റം ചുമത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം നൽകി, സതീശൻ പറഞ്ഞു.
ഇന്നലെ ഉച്ചതിരിഞ്ഞ് ഓഫീസിൻറെ ചില്ലു ജനാലകൾ തകർത്തു ഓഫീസിൽ കയറിയ വനിതാ പ്രവർത്തകർ അടക്കമുള്ള എസ് എഫ് ഐ ക്കാർ ഓഫീസിൽ വച്ചിരുന്ന ഗാന്ധിജിയുടെ ചിത്രം തകർത്തിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രാഹുൽഗാന്ധി നടത്തിയിരുന്ന പ്രവർത്തനങ്ങളുടെ ഫയലുകളും അക്രമികൾ നശിപ്പിച്ചു. ഓഫീസിലെ ഒട്ടുമിക്ക സാമഗ്രികളും തകർത്തു.
അക്രമത്തെ തുടർന്ന് കേരളത്തിൽ വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
കോട്ടയത് ഇന്നലെ പ്രതിഷേധത്തിൽ പങ്കെടുക്കവെ പരിക്കേറ്റ് രക്തം പൊടിയുന്ന കോൺഗ്രസ് പ്രവർത്തകരുടെ ചിത്രമാണ് വാർത്തയോടൊപ്പം നൽകിയിരിക്കുന്നു.
എസ്എഫ്ഐ പ്രവർത്തകർ തകർത്തു എന്ന് ആരോപിക്കുന്ന രാഹുൽഗാന്ധിയുടെ കൽപ്പറ്റ എം പി ഓഫീസിലെ തറയിൽ വീണുകിടക്കുന്ന ചിത്രവും കാണാം.