ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന്്് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റാന്‍ സാധ്യതയേറി. എഐസിസി നേതൃത്വം രാഹുലിനെതിരായ ആരോപണങ്ങള്‍ ഗൗരവത്തോടെ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്്്. സംസ്ഥാന നേതൃത്വത്തോട്് ഹൈക്കമാന്‍ഡ് രാഹുലിനെതിരായ ആരോപണത്തില്‍ വിശദീകരണം ആവശ്യപ്പെട്ടതായും അറിയുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ ഹൈക്കമാന്‍ഡിന് രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്്്. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കുകയുണ്ടായി.
ഇതിനിടെ രാഹുലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കര്‍ രംഗത്തെത്തി. രാഹുല്‍ തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം തന്നേക്കുറിച്ച് മറ്റാളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്‌കര്‍ ആരോപിക്കുന്നത്.
രാഹുലിന്റെ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നും ഹണി ഭാസ്‌കര്‍ ആരോപിച്ചു. രാഹുല്‍ ഇരയാക്കിയ ഒരുപാടു പേരെ അറിയാം.
ജൂണ്‍ മാസം താന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയ്ക്കിടെ വിശേഷങ്ങള്‍ ചോദിച്ച് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതായി ഹണി ഭാസ്‌കരന്‍ പറയുന്നു. തന്റെ ഫോട്ടോയ്ക്ക് ഹൃദയം അയച്ചുകൊണ്ടായിരുന്നു രാഹുല്‍ തുടങ്ങിയത്. ശ്രീലങ്ക പോവാന്‍ പ്ലാന്‍ ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് ഒരു മുന്‍വിധികളും ഇല്ലാതെ താന്‍ അത് വിശദീകരിച്ചു നല്‍കി. അതിന് ശേഷം നിലമ്പൂര്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് ബെറ്റുംവെച്ച് അയാള്‍ പോയെന്നും ഹണി പറഞ്ഞു. ഇതിന് ശേഷം താന്‍ കാണുന്നത് അയാളുടെ മെസേജുകളുടെ തുടര്‍ച്ചയായിരുന്നു. ചാറ്റ് നിര്‍ത്താന്‍ അയാള്‍ക്ക് ഉദ്ദേശം ഇല്ല എന്ന് മനസിലാക്കിയതോടെ മറുപടി നല്‍കിയില്ല. താന്‍ മറുപടി നല്‍കാത്തതുകൊണ്ട് ആ ചാറ്റ് അവസാനിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ആ ചാറ്റിന് പിന്നിലെ അശ്ലീല കഥകള്‍ പിന്നീടാണ് താന്‍ മനസിലാക്കുന്നതെന്ന് ഹണി പറയുന്നു.
താനുമായുള്ള ചാറ്റിലെ വിവരങ്ങള്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസിലെ സുഹൃത്തുക്കളോട് പറയുകയാണ് ചെയ്തത്.. താന്‍ അങ്ങോട്ട് ചെന്ന് ചാറ്റ് ചെയ്തു എന്നാണ് അയാള്‍ പറഞ്ഞു നടന്നത്. രാഹുല്‍ ഒരു തികഞ്ഞ രാഷ്ട്രീയ മാലിന്യം ആണെന്ന് തനിക്ക് വ്യക്തിപരമായി ബോധ്യപ്പെടുത്തി തന്നത് സഖാക്കളല്ല. അയാളുടെ തോളില്‍ കയ്യിട്ടും ചാരി ഉറങ്ങിയും നൃത്തം ചെയ്തും ഫണ്ട് മോഷണത്തില്‍ പങ്ക് ചേര്‍ന്നും ദിവസത്തിന്റെ ഏറിയ സമയവും അയാള്‍ക്കൊപ്പം ചെലവഴിക്കുന്ന പേര് കേട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ഹണി വെളിപ്പെടുത്തി.
രാഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിട്ടില്ല. ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ മാനനഷ്ടകേസ് നല്‍കട്ടെ. നേരിടാന്‍ ഞാന്‍ തയാറാണ്. പലരും രാഹുലിന് എതിരെ ഷാഫി പറമ്പിലിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഹണി മാധ്യമങ്ങളോട് പറഞ്ഞു.
യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയായ യുവനടി ഇന്നലെ നടത്തിയ വെളിപ്പെടുത്തലും വ്യാപക ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.