കൊച്ചി: സിപിഐ ജനറല്‍ സെക്രട്ടറിയായി രാജ തുടരും. ദേശീയ കൗണ്‍സിലിലും സെക്രട്ടേറിയറ്റിലും മറ്റാര്‍ക്കും പ്രായപരിധിയില്‍ ഇളവുകളില്ല. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഇന്ന് തീരുമാനിക്കും.
ചണ്ഡീഗഡില്‍ നടക്കുന്ന സിപിഐ ഇരുപത്തഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഈ തീരുമാനത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നുവെന്നാണ് ലഭിച്ചിട്ടുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രായപരിധി കൃത്യമായി പാലിക്കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. 75 കഴിഞ്ഞവര്‍ മാറണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം നിര്‍ദേശം വച്ചതിനാല്‍ ഡി. രാജ ഒഴിയണമെന്നും കേരള നേതാക്കള്‍ നിലപാട് എടുത്തിരുന്നു.
ദേശീയ കൗണ്‍സിലില്‍ അടക്കം പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. കേരളത്തില്‍ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയത്. ഇതിനിടെ പാര്‍ട്ടിയില്‍ മുരടിപ്പെന്നു സിപിഐ സംഘടനാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
നേതാക്കള്‍ ഒരേ സ്ഥാനത്ത് ഇരിക്കുന്നത് പാര്‍ട്ടിയുടെ ഊര്‍ജം കെടുത്തുമെന്നും വലിയ പാര്‍ട്ടികളെ ആശ്രയിക്കാതെ ഒറ്റയ്ക്ക് വളരണമെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ടിലുണ്ട്.