തൃശ്ശൂര്‍: ആനയെഴുന്നള്ളിപ്പ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ആചാരസംരക്ഷണത്തിനായി കൗസ്തുഭം ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഉത്സവങ്ങള്‍ സുഗമമായി നടത്താന്‍ നിയമനിര്‍മ്മാണം വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ കര്‍ശന നിയന്ത്രണങ്ങള്‍, വെടിക്കെട്ടിനുള്ള പെസോയുടെ മൂക്കുകയര്‍ എന്നിവ തുടര്‍ന്നുപോയാല്‍ കേരളത്തിലെ പൂരങ്ങളും ഉത്സവങ്ങളും പെരുനാളുകളും ഇല്ലാതാവുമെന്നും നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ജെല്ലിക്കെട്ട് മാതൃകയില്‍ കേരളവും നിയമ നിര്‍മാണത്തിലേക്ക് കടക്കണമെന്നും പ്രമേയത്തില്‍ ആവശ്യമുയര്‍ന്നു ആന എഴുന്നള്ളത്തിനുള്ള കോടതി ഇടപെടലില്‍ രൂക്ഷവിമര്‍ശനവും കൂട്ടായ്മയില്‍ ഉയര്‍ന്നു. തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷനായി. എം.എല്‍.എ പി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ മത, സാമുദായിക, സാംസ്‌കാരിക നേതാക്കള്‍ ഐക്യദാര്‍ഢ്യവുമായെത്തി തൃശ്ശൂരിലെ ക്ഷേത്രോത്സവ ക്കൂട്ടായ്മയാണ് ആചാര സംരക്ഷണ സംഗമം സംഘടിപ്പിച്ചത്.