തൃശൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരഫലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോളി ഫാമിലി സ്‌കൂളില്‍ സംഘര്‍ഷം. ഇന്ന് വൈകീട്ട് ഏഴുമണിയോടെയാണ് മത്സരവേദി സംഘര്‍ഷഭരിതമായത്. മത്സര വിധിനിര്‍ണയത്തിലെ അപാകതയെച്ചൊല്ലിയായിരുന്നു ബഹളം.
ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യത്തില്‍ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളിലെ തീര്‍ത്ഥ എന്ന വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം നല്‍കിയതിനെതിരെ മറ്റു മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. രക്ഷിതാക്കളെ പിന്തുണച്ച് അധ്യാപകരും കൂടി വിധികര്‍ത്താക്കളെ വളഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. 17 പെണ്‍കുട്ടികളാണ് ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യത്തില്‍ മത്സരിച്ചത്.
സംഘാടകര്‍ ചേര്‍ന്ന് ക്ഷുഭിതരായ രക്ഷിതാക്കളെയും അധ്യാപകരെയും ശാന്തരാക്കാന്‍ ശ്രമിച്ചു. ഇതിനിടെ മത്സരാര്‍ത്ഥികളും രക്ഷിതാക്കളും സ്റ്റേജില്‍ കയറി കൂട്ടം കൂടി നിന്ന് പ്രതിഷേധിച്ചു. ഇതോടെ സ്‌റ്റേജില്‍ അടുത്ത ഇനമായി നടക്കേണ്ടിയിരുന്ന ആണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം അനിശ്ചിതമായി വൈകി.
ഭരതനാട്യത്തില്‍ വേണ്ടത്ര മികവ് കാട്ടിയവര്‍ക്ക് ഒന്നാം സ്ഥാനം നിഷേധിക്കപ്പെട്ടതായി സ്ഥലത്തുണ്ടായിരുന്ന ചില നൃത്തകലാധ്യാപകരും അഭിപ്രായം പറഞ്ഞതോടെ മത്സരവേദി ബഹളമയമായി.
ഇതിനിടെ ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്‌കൂളിലെത്തി. പ്രതിഷേധിച്ചവരെ പുറത്താക്കി . സ്ഥിതിഗതികള്‍ ശാന്തമായെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് സംഘാടകര്‍ കുച്ചിപ്പുടി മത്സരം തുടങ്ങിയത്.
റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: ഭരതനാട്യം ഒന്നാം സ്ഥാനത്തെച്ചൊല്ലി സംഘര്‍ഷം, മറ്റ് മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിധികര്‍ത്താക്കളെ വളഞ്ഞു
