ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശന ഹര്‍ജികള്‍ പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. സുപ്രീംകോടതി ഇതിനായി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന്റെ അധ്യക്ഷന്‍. ഹര്‍ജികള്‍ തരംതിരിച്ച് ഏപ്രില്‍ ഏഴ് മുതല്‍ വാദം തുടങ്ങും. മാര്‍ച്ച് പതിനാലിന് മുമ്പ് വാദങ്ങള്‍ എഴുതിനല്‍കണമെന്ന് ചീഫ് ജസ്റ്റിസ് വിവിധ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി.
ഏപ്രില്‍ 21ന് അധിക വാദം ഉണ്ടെങ്കില്‍ സമര്‍പ്പിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പുനഃപരിശോധനാ ഹര്‍ജികളെ പിന്തുണയ്ക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചിരിക്കുന്നത്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ക്ക് ഒപ്പമാണ് തങ്ങള്‍ എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇനി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് എന്താണെന്നുള്ളതാണ് വ്യക്തമാകാന്‍ ഉള്ളത്.
പഴയ 9 അംഗ ബെഞ്ചില്‍ ഇപ്പോള്‍ കോടതിയില്‍ ബാക്കിയുള്ളത് താന്‍ മാത്രമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ അഭിഭാഷകരോട് പറഞ്ഞു. കോവിഡ് കാരണമാണ് നേരത്തെ വാദം കേള്‍ക്കല്‍ മുടങ്ങിയതെന്നും, നിലവിലെ എഴു ചോദ്യത്തിന് പുറമെ കൂടുതല്‍ ചോദ്യങ്ങള്‍ ഓരോ കേസിനും അനുസരിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളിലാണ് നേരത്തെ വാദം കേള്‍ക്കല്‍ മുടങ്ങിയത്. അഞ്ചംഗ ബഞ്ച് 9 അംഗ ബെഞ്ചിന് കേസ് വിട്ടത് ശരിയെന്ന് നേരത്തെ തീര്‍പ്പായതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
















