ഇടുക്കി: ഇന്ന് പുലർച്ചെ ഇടുക്കി ചിന്നക്കനാലിലെ ആനയിറങ്കൽ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് അഞ്ച് ഏക്കർ ഏലത്തോട്ടം കയ്യേറിയത് ഒഴിപ്പച്ചുകൊണ്ട് ആരംഭിച്ച രണ്ടാം മൂന്നാർ ദൗത്യ സംഘത്തിനെതിരെ ഇടുക്കിയിൽ സിപിഎം.
ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ്. ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് കളക്ടർ അറിയിച്ചതായി വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യസംഘത്തെ സ്വാഗതം ചെയ്യുന്നില്ല എന്നായിരുന്നു മുൻമന്ത്രിയും ഉടുംബൻചോല എംഎൽഎയുമായ എംഎം മണിയുടെ പ്രതികരണം.
എന്നാൽ ദൗത്യം നിർത്തിവെച്ചന്ന വാർത്തകൾ ജില്ലാ കളക്ടർ ഷീബ ജോർജ് നിഷേധിച്ചു. ഒഴിപ്പിക്കൽ തുടരുമെന്നാണ് കളക്ടർ പറയുന്നത്. ജില്ലാ സിപിഎമ്മിന്റെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ ദൗത്യത്തിന്റെ ഭാവി അനിശ്ചിതത്തിലാണ്. ചെറുകിട കർഷകരെയാണ് ഒഴിപ്പിക്കുന്നതെന്നും ദൗത്യ സംഘത്തിന് വൻകിടക്കാരെയും റിസോർട്ടുകളെയും ഒഴിപ്പിക്കാൻ സാധിക്കില്ലെന്നുമാണ് ഇന്ന് രാവിലെ ചിന്നക്കനാലിൽ ഒഴിപ്പിക്കൽ സമയത്ത് പ്രതിഷേധവുമായി എത്തിയവർ പറഞ്ഞത്.
ചിന്നക്കനാലില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങി
ഇടുക്കി: മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘം നടപടികള്‍ ആരംഭിച്ചു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. അടിമാലി സ്വദേശി റ്റിജു കുര്യാക്കോസിന്റെ അഞ്ച് ഏക്കര്‍ അമ്പത്തിയഞ്ച് സെന്റ ് സ്ഥലത്തെ ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കി.
ഏലം കൃഷി ചെയ്യുന്ന അഞ്ച് ഏക്കര്‍ സ്ഥലമാണ് ഒഴിപ്പിച്ചത്. കൈയേറ്റ ഭൂമിയില്‍ ദൗത്യസംഘം സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും സീല്‍ ചെയ്ത ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഏലകൃഷിയാണ് ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സര്‍ക്കാര്‍ വക ഭൂമിയെന്നും ദൗത്യ സംഘം ബോര്‍ഡ് സ്ഥാപിച്ചു.
ആനയിറങ്കല്‍ മേഖലയിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. അടിമാലി സ്വദേശി സിജുവിന്റെ അഞ്ചേക്കര്‍ 20 സെന്റാണ് ഒഴിപ്പിക്കുന്നത്. പ്രതിഷേധസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്.
രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ സംഘമാരംഭിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അപ്രതീക്ഷിത ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്.
മൂന്നാറിലെ കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നത് 50ലധികം വന്‍കിട കെട്ടിടങ്ങളാണ്. സ്റ്റോപ്പ് മെമ്മോ പോലും അവഗണിച്ചാണ് പല കെട്ടിടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വന്‍കിട കമ്പനികള്‍ മുതല്‍ രാഷ്ട്രീയ പ്രമുഖരുടെ ബന്ധുക്കള്‍ വരെ ഈ പട്ടികയില്‍ ഉണ്ട്. മൂന്നാറിലേക്ക് ദൗത്യസംഘം മലകയറുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത നീക്കം.
കളക്ടറുടെ പട്ടികയില്‍ 7 റിസോര്‍ട്ടുകളാണ് കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി കെട്ടിപ്പൊക്കിയത്. ആനവരട്ടി വില്ലേജ്, കെ ഡി എച്ച്, പള്ളിവാസല്‍, കീഴാന്തൂര്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളിലായി 50 ലധികം വന്‍കിട നിര്‍മ്മാണങ്ങളാണ് ഏക്കര്‍ കണക്കിന് കയ്യേറ്റം ഭൂമിയില്‍ നടന്നിരിക്കുന്നത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി മുമ്പ് സ്പെഷ്യല്‍ താലൂക്ക് ഓഫീസ് മൂന്നാറില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് പിന്നീട് ദേവികുളത്തേക്ക് മാറ്റിയത് പോലും അട്ടിമറിയുടെ ഭാഗമാണെന്ന് ആരോപണമുണ്ട്. കളക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മൂന്നാര്‍ മേഖലയിലെ മൊത്തം കയ്യേറ്റം 390 ഏക്കര്‍ മാത്രമാണ്. എന്നാല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത നിരവധി കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും മൂന്നാറിലുണ്ട്. പട്ടയം പോലുമില്ലാത്ത സ്ഥലത്ത് കെട്ടിപ്പൊക്കിയിരിക്കുന്നത് നിരവധി കെട്ടിടങ്ങളാണ്. ഈ കയ്യേറ്റങ്ങള്‍ കളക്ടറുടെ ലിസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവായി എന്നും, മറ്റു ചിലത് എങ്ങനെ ഉള്‍പ്പെട്ടു എന്നും ചോദ്യമായി തന്നെ തുടരുന്നുണ്ട്.
മൂന്നാറില്‍ സിനിമാറ്റിക് ആക്ഷന്‍ പ്രതീക്ഷിക്കേണ്ട: മന്ത്രി കെ.രാജന്‍
മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ദൗത്യത്തില്‍ സിനിമാറ്റിക് ആക്ഷന്‍ പ്രതീക്ഷിക്കേണ്ടെന്ന്് റവന്യൂമന്ത്രി കെ.രാജന്‍. ഒഴിപ്പിക്കലിന് മുന്‍ മാതൃകകള്‍ ഇല്ല. ജെ.സി.ബിയും കരിമ്പൂച്ചകളുമല്ല ദൗത്യത്തിന്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ദൗത്യം നടപ്പിലാക്കാന്‍ അനാവശ്യമായ ഒരു ധൃതിയും സര്‍ക്കാര്‍ കാണിക്കില്ല. നടപടിക്രമങ്ങള്‍ നിയമപരമായി മുന്നോട്ട് പോകണം എന്ന് മാത്രമാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
പ്രത്യേകമായി ആരെയെങ്കിലും ഉന്നം വച്ചുകൊണ്ടല്ല ദൗത്യം നടപ്പിലാക്കുന്നത്. ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ഭേദഗതികള്‍ കൈയേറ്റത്തിന് കുടചൂടാനുള്ള നടപടിയല്ല. കൈയേറ്റവും കുടിയേറ്റവും ഒരുപോലെ കാണാനാവില്ല.
എം.എം.മണിയുടെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉണ്ടായാലും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി